Latest News :
Home » , , » കൊച്ചി മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Friday, 19 May 2017 | 18:30



കണ്ണൂര്‍: മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നത് തെറ്റിദ്ധാരണയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഒരു ദിവസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി എത്തില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. അതുവരെ അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി കാത്തിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെയ് 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ കടകംപള്ളിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് കൊച്ചി മെട്രോ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved