Latest News :
Home » , , » സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്‌പോള്‍ അഫ്‌സ്പ വേണമെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്ന് കോടിയേരി

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്‌പോള്‍ അഫ്‌സ്പ വേണമെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്ന് കോടിയേരി

Written By Muhimmath News on Tuesday, 16 May 2017 | 12:44

കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ അഫ്‌സ്പ വേണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കള്‍ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്‌പോള്‍ ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്‌സ്പ നടപ്പിലാക്കിയാലുള്ള ദോഷഫലങ്ങളെക്കുറിച്ച് സമൂഹം ബോധവാന്‍മാരാകണം. പയ്യന്നൂരിലെ കൊലപാതകത്തിന് പിന്നാലെ സിപിഎം കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനത്തിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പോലീസ് നിയമപരമായി നടപടികള്‍ സ്വീകരിക്കണം. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇടപെടലാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഇരു കൂട്ടരും ലംഘിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ കേന്ദ്ര പട്ടാള നിയമം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ബിജെപിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് കണ്ടാണ് അദ്ദേഹത്തിനെതിരേ ബിജെപി നേതാക്കള്‍ രംഗത്തുവന്നത്. കേന്ദ്ര പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഗവര്‍ണറെ അപമാനിച്ചത് വഴി ഭരണഘടനാ സ്ഥാപനത്തെയാണ് ബിജെപി അധിക്ഷേപിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.  
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved