Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രഖ്യാപനം 28 ന് മന്ത്രി എം എം മണി നിര്‍വ്വഹിക്കും

സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രഖ്യാപനം 28 ന് മന്ത്രി എം എം മണി നിര്‍വ്വഹിക്കും

Written By Muhimmath News on Saturday, 27 May 2017 | 12:38

കാസര്‍കോട് : ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം ജില്ലയില്‍ 8140 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. 173 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടുകോടി രൂപ ചെലവിട്ടാണ് വൈദ്യുതീകരണം നടത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം 28ന് ഉദുമയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.

എംഎല്‍എമാരായ പി ബി അബ്ദുള്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കലക്ടര്‍ കെ ജീവന്‍ ബാബു, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിക്കും. കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറയും.

വൈദ്യുതി ലഭിച്ചവരില്‍ 85 ശതമാനംപേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഹൊസ്ദുര്‍ഗ് 2506, ഉദുമ 2332, തൃക്കരിപ്പൂര്‍ 1436, മഞ്ചേശ്വരം 1028, കാസര്‍കോട് 886 എന്നിങ്ങനെ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. 1100 പട്ടികജാതി കുടുംബത്തിനും 1300 പട്ടികവര്‍ഗ കുടുംബത്തിനും വൈദ്യുതി കണക്ഷന്‍ നല്‍കി. ഗുണ്ടല്‍പേട്ടയില്‍നിന്ന് 2000 വൈദ്യുതി തൂണുകളെത്തിച്ചാണ് ദ്രുതഗതിയിലുള്ള വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. 

കെഎസ്ഇബി തനത് ഫണ്ട് കൂടാതെ എംഎല്‍എമാരുടെ വികസന ഫണ്ട്, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ചു. ജീവനക്കാര്‍ സ്വന്തം ചെലവില്‍ നിര്‍ധനരുടെ വീടുകള്‍ വൈദ്യുതീകരിച്ച് കണക്ഷനെത്തിച്ചു. നിലവില്‍ ജില്ലയിലാകെ 4.4 ലക്ഷം കണക്ഷനുണ്ട്. മലയോരത്ത് കുറ്റിക്കോല്‍, ബളാല്‍ 110 കെവി സബ്‌സ്‌റ്റേഷനുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. ചീമേനിയില്‍ 440 കെ വി വൈദ്യുതി സബ്‌സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. 2050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട് ടൗണ്‍ 33 കെ വി സബ്‌സ്‌റ്റേഷന്‍, കാസര്‍കോട് വൈദ്യുതിഭവന്‍ നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ നേട്ടമാണ്. അമ്പലത്തറ സോളാര്‍ പ്ലാന്റും പ്രവര്‍ത്തനമാരംഭിച്ചു.

സംസ്ഥാനത്ത് 174 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 1.5 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. ഇതില്‍ 1.23 ലക്ഷം കുടുംബങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണ്. 32,000 കുടുംബങ്ങള്‍ പട്ടികജാതിയിലും 17,500 കുടുംബങ്ങള്‍ പട്ടികവര്‍ഗത്തിലും ഉള്‍പ്പെടുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 80 നിയോജക മണ്ഡലങ്ങളിലും മൂന്ന് ജില്ലയിലും സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇത് തുടര്‍ന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ടാണ് കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്. 

ഇതിന്റെ ഉദ്ഘാടനം 29ന് പകല്‍ 3.30ന് കോഴിക്കോട് മുഖ്യമന്ത്രി പണറായി വിജയന്‍ പ്രഖ്യാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി സുരേന്ദ്രന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ നാഗരാജ് ഭട്ട് എന്നിവരും പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved