Latest News :
Home » , » വ്യാപാരിയുടെ കൊല: പ്രതികളെ തിരിച്ചറിഞ്ഞു, 2 പേര്‍ പിടിയില്‍

വ്യാപാരിയുടെ കൊല: പ്രതികളെ തിരിച്ചറിഞ്ഞു, 2 പേര്‍ പിടിയില്‍

Written By Muhimmath News on Friday, 5 May 2017 | 20:19






















കുമ്പള: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52)കടയില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ബദിയടുക്ക സ്വദേശികളായ രണ്ട് പേരാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്.

നേരത്തെ മണ്ടേക്കാപ്പിലെ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഇപ്പോള്‍ പോലീസ് പിടിയിലായവരടക്കം മൂന്നു പേരെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പിച്ചിരുന്നു. ഈ സംഘത്തില്‍പ്പെട്ട രണ്ട് പേരാണ് ഇപ്പോള്‍ പോലീസ് പിടിയിലായത്. അതേ സമയം മൂന്നാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം മൂന്നാമനുമായി തങ്ങള്‍ തെറ്റിപിരിഞ്ഞുവെന്നും അയാള്‍ മറ്റൊരു സംഘത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അയാളായിരിക്കാം കൊല നടത്തിയതെന്നുമാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

നാട്ടുകാര്‍ മോഷണ കേസിലെ പ്രതികളെ പിടികൂടി കെട്ടിയിട്ടപ്പോള്‍ രാവിലെ നാട്ടുകാരനായ രാമകൃഷ്ണ മൂല്യയും സ്ഥലത്തുണ്ടായിരുന്നു. പോലീസിന് പ്രതികളെ കൈമാറുന്നതിലടക്കം മുന്നിലുണ്ടായിരുന്നത് രാമകൃഷ്ണ മൂല്യയായിരുന്നു. മൂന്നുമാസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്. ഇതിലുള്ള പ്രതികാരമായിരിക്കാം കൊലയ്ക്ക് കാരണമെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ചിലര്‍ രാമകൃഷ്ണ മൂല്യയുടെ കടയിലെത്തി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ചതായി വിവരമുണ്ട്. എന്നാല്‍ രാമകൃഷ്ണ മൂല്യ ഇതിനെ ശക്തമായി എതിര്‍ത്തതാണ് വിവരം.

കറുത്ത ആള്‍ട്ടോ കാറിലാണ് സംഘം എത്തിയത്. ആദ്യം സിഗരറ്റു വാങ്ങി മടങ്ങിയ സംഘം വീണ്ടും തിരിച്ചെത്തി മാങ്ങ ആവശ്യപ്പെടുകയും, മാങ്ങ കൊടുക്കാനായി കുനിഞ്ഞപ്പോള്‍ വെട്ടുകയുമായിരുന്നു. നാട്ടുകാരനായ ഒരാള്‍ ബഹളം കേട്ട് ഓടിച്ചെന്നപ്പോള്‍ കൊലയാളി സംഘത്തിലെ ഒരാള്‍ ഇയാള്‍ക്ക് നേരെ വാള്‍ വീശി ഭയപ്പെടുത്തി മാറ്റി നിര്‍ത്തി. ഉടന്‍ തന്നെ സംഘം കാറില്‍ കയറി ബന്തിയോട് ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

കഴുത്തിലും മുതുകിലും കാലിലും ആഴത്തിലുള്ള വെട്ടേറ്റ രാമകൃഷ്ണമൂല്യയെ ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പെര്‍മുദെയില്‍ കടകള്‍ അടച്ചിട്ടു.

ഗീതയാണ് ഭാര്യ. മനീഷ, ചിത്രാക്ഷ മക്കളും ചന്തപ്പ മൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി സഹോദരങ്ങളുമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved