Latest News :
Home » » വ്യാപാരിയുടെ കൊല: പ്രതികള്‍ സഞ്ചരിച്ച കാര്‍ തൊക്കോട്ട് കണ്ടെത്തി

വ്യാപാരിയുടെ കൊല: പ്രതികള്‍ സഞ്ചരിച്ച കാര്‍ തൊക്കോട്ട് കണ്ടെത്തി

Written By Muhimmath News on Wednesday, 10 May 2017 | 18:02

കാസര്‍കോട്: ബന്തിയോട് മണ്ടേക്കാപ്പിലെ വ്യാപാരി കെ. രാമകൃഷ്ണ(46)യെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ സഞ്ചരിച്ച മെറൂണ്‍ നിറത്തിലുള്ള ആള്‍ട്ടോ 800 കാര്‍ തൊക്കോട്ട് യേനപ്പോയ മെഡിക്കല്‍ കോളേജിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കാറിനകത്ത് രക്തക്കറയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പരിശോധന നടത്തുന്നത്. ഇതേ കാറിലെത്തിയാണ് നാലംഗം സംഘം രാമകൃഷ്ണയെ കൊന്നത്. കൊലക്ക് ശേഷം ആയുധവുമായി കാറില്‍ കയറിയ പ്രതികള്‍ തൊക്കോട്ടേക്ക് രക്ഷപ്പെടുകയായിരുന്നു. ആയുധങ്ങളില്‍ നിന്നും രക്തതുള്ളികള്‍ കാറില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് സുപ്രധാന തെളിവാകുമെന്ന് കരുതുന്നു.

കാര്‍ തൊക്കോട്ട് മെഡിക്കല്‍ കോളേജിന് സമീപം നിര്‍ത്തിയിട്ട ശേഷം താക്കോല്‍ ഒരു കടയില്‍ ഏല്‍പ്പിച്ചതായാണ് വിവരം. വിദ്യാനഗറിലെ പന്തല്‍ പണിക്കാരന്റെ കാറാണിത്. കൊലക്കേസിലെ മുഖ്യപ്രതി ഉമര്‍ ഫാറൂഖാണ് കാര്‍ വാടകയ്ക്ക് എടുത്തത്. പന്തല്‍ പണിക്കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാര്‍ നിര്‍ത്തിയിട്ട് താക്കോല്‍ ഏല്‍പ്പിച്ച ശേഷം നാലുപ്രതികളും ഒരു ഓട്ടോയില്‍ കയറി തൊക്കോട് ജങ്ഷനിലെത്തിയതായാണ് വിവരം. അവിടെ നിന്നും ടാക്‌സിയില്‍ മംഗലാപുരത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ പൊലീസ് അറിയുന്നുണ്ടായിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ കറങ്ങിയ പ്രതികള്‍ പണം തീര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി.

പ്രതികള്‍ ഒളിച്ചുകഴിയാന്‍ സാധ്യതയുള്ള നാട്ടിലെ ചില സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ തിരിച്ചെത്തിയതോടെ പൊലീസിന്റെ കെണിയില്‍ പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved