Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സാധിച്ചത് നേട്ടം: മന്ത്രി ഇ ചന്ദ്രശേഖരന്‍

വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സാധിച്ചത് നേട്ടം: മന്ത്രി ഇ ചന്ദ്രശേഖരന്‍

Written By Muhimmath News on Sunday, 28 May 2017 | 12:45കാസര്‍കോട് : തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സാധിക്കുന്നതാണ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായ സംരംഭങ്ങള്‍ക്ക് പുത്തനുണര്‍വ്വുണ്ടാക്കാന്‍ സാധിച്ചു. കശുവണ്ടി, കൈത്തറി, കയര്‍ മേഖലയില്‍ ഒരു വര്‍ഷത്തിനകം മികച്ചമുന്നേറ്റമുണ്ടായി. കശുവണ്ടി മേഖലയില്‍ അടച്ചുപൂട്ടിയ 40 ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിച്ചു. 400 ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. നഷ്ടത്തിലായ 40 പൊതുമേഖലാസ്ഥാപനങ്ങളില്‍ 13 എണ്ണം ലാഭത്തിലായി. ഒരു വര്‍ഷത്തിനകം 131 കോടി രൂപ നഷ്ടമുണ്ടായിരുന്നത് 60 കോടിയുടെ നഷ്ടം നികത്തി. പുതിയ തസ്തികകള്‍ സൃഷ്ടിച്ചും നിയമനങ്ങള്‍ നടത്തിയും യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പിച്ചു. വിദ്യാഭ്യാസ വായ്പയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായി. 900 കോടി രൂപയുടെ സഹായ പദ്ധതിയാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയതും മികച്ച നേട്ടമായി.

ഇരുപതിനായിരം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം പട്ടയം നല്‍കി. 2012 ഡിസംബര്‍ 31 ന് നിര്‍ത്തിവെച്ച റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഭൂമി കയ്യേറ്റം തടയും. കയ്യേറ്റഭൂമി തിരിച്ചു പിടിക്കുന്നത് തുടരും. കയ്യേറ്റങ്ങള്‍ തടയാന്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതാലൂക്ക് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ കയ്യേറ്റങ്ങളും മാഫിയകള്‍ സ്വകാര്യഭൂമി ഒഴിപ്പിക്കുന്നതും കയ്യേറുന്നതും തടയാന്‍ ലാന്റ് ഗ്രാബിംഗ്‌പ്രൊഹിബിഷന്‍ ആക്ട് ഉടന്‍ കൊണ്ടുവരും. ആറ് പുതിയ റവന്യൂ ഡിവിഷനുകളും രണ്ട് പുതിയതാലൂക്കുകളും ആരംഭിക്കുന്നതും നേട്ടമാണ്.

37,000 പേരെ പി എസ് സി വഴി നിയമിച്ചു. 3000 പുതിയ തസ്തിക സൃഷ്ടിച്ചു. സാമൂഹ്യക്ഷേമത്തിനും സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതികളുടെ തുക ഗണ്യമായി വര്‍ധിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, ഹരിതകേരളം, ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നവകേരള സൃഷ്ടിക്കുളള തുടക്കമായി. വിലക്കയറ്റം തടയാന്‍ സപ്ലൈകോ 440 കോടി രൂപ സബ്‌സിഡിയായി നല്‍കി. അഞ്ച് വര്‍ഷവും 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടില്ലെന്ന വാഗ്ദാനം പാലിച്ചുപോരുന്നതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന്റെ അവസാന ഗഡുവായി 56.76 കോടി രൂപ അനുവദിച്ചു. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു.

ബാവിക്കര ശുദ്ധജല പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ കാസര്‍കോട് നഗരത്തിലെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമാകും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാനുള്ള ഉത്തരവും ശ്രദ്ധേയമാണ്. പുതിയതായി ഒന്നാംക്ലാസില്‍ പ്രവേശനം നേടുന്നവര്‍ മലയാളം പഠിക്കണം. ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടാണ് മലയാളം പഠിക്കാന്‍ ഉത്തരവിറക്കിയത്. കന്നട മീഡിയത്തില്‍ പഠിക്കുന്നവര്‍ക്ക് ഭാഷ കന്നട തന്നെ. കേരളത്തിലായത് കൊണ്ട് മലയാളം പഠിക്കണം. ഇത് ഭാഷ അടിച്ചേല്‍പ്പിക്കലല്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഭാഷയും മറ്റൊന്നിന് എതിരല്ല. ഭാഷ സഹോദരങ്ങളാണ്. മാതൃഭാഷയോടുളള കൂറ് നിലനിര്‍ത്തണം. സംവാദത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ , മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved