Latest News :
...
Home » » മോഡി സര്‍ക്കാരിന്റെ കാലി സ്‌നേഹം വര്‍ഗീയ ധ്രുവീകരണത്തിന്: എം എം മണി

മോഡി സര്‍ക്കാരിന്റെ കാലി സ്‌നേഹം വര്‍ഗീയ ധ്രുവീകരണത്തിന്: എം എം മണി

Written By Muhimmath News on Monday, 29 May 2017 | 10:55

കാസര്‍കോട്: മോഡി സര്‍ക്കാരിന്റെ കന്നുകാലി സ്‌നേഹം ഹിന്ദു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തട്ടിപ്പാണെന്ന് മന്ത്രി എം എം മണി പറഞ്ഞു. 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആര്‍എസ്എസ് അജണ്ടയാണ് ഇവര്‍ നടപ്പാക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊന്നവര്‍ പശുവിന്റെ പേരില്‍ കൊല നടത്താനും മടിക്കില്ല. കഞ്ചാവും ബ്രൗണ്‍ഷുഗറും പോലെ നിരോധിക്കേണ്ടതാണൊ കാലി മാസം. മാംസാഹാരം ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് വേണ്ടെന്ന് പറയാന്‍ സംഘ്പരിവാറിന് ആരാണ് അധികാരം നല്‍കിയത്. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഇവരാരാണ്. 


ഭക്ഷണ വിതരണം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. ഫെഡറല്‍ തത്വങ്ങള്‍ തകര്‍ക്കുന്നതാണ് കേന്ദ്ര തീരുമാനം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഭ്രാന്തന്‍ നയത്തിനെതിരെ ചെറുത്തുനില്‍പ് ഉയരണം. മൃഗസംരക്ഷണത്തിന്റെ പേരില്‍ കന്നുകാലികളെ ഇറച്ചിക്ക് വില്‍ക്കുന്നത് നി്രഗഹിച്ചത് കൃഷിക്കാരെ ഗുരുതരമായി ബാധിക്കും. പോത്തിനെയും കാലിയെയും പശുവിനെയും മറ്റും റോഡിലിറക്കി വിടേണ്ടി വരും. സംഘ്പരിവാറിന്റെ നിലപാടിനെ എല്ലാവരും ഏകീകരിച്ച് വെല്ലുവിളിക്കാന്‍ തയ്യാറാകണം. 

ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നിലനില്‍പിന്റെ പ്രശ്‌നമാണിത്. വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് ബിജെപിയുടെ ഹിന്ദു സ്‌നേഹം. അധികാരം കിട്ടിക്കഴിഞ്ഞാല്‍ പാവപ്പെട്ടവരായ ഹിന്ദുക്കളെ വേണ്ട. കുത്തക മുതലാളിമാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണിവര്‍. വിലക്കക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഔഷധവില കുതിച്ച് കയറുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം സമൂലമാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കടക്കെണിയിലായ സംസ്ഥാനത്ത് കിഫ്ബി വഴി വിഭവസമാഹരണം നടത്തി വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. 

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സോളാര്‍ അശ്ലീലമായിരുന്നുവെങ്കില്‍ ഇന്നത് വൈദ്യുതിയാണ്. 40,000 പേര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കിക്കഴിഞ്ഞു. 4000 രൂപ സാമൂഹിക പെന്‍ഷന്‍ നല്‍കി. സര്‍ക്കാരിന്റെ മുന്നേറ്റത്തെ തടയാന്‍ വിവാദങ്ങള്‍ക്കൊന്നും കഴിയില്ലെന്ന് എം എം മണി പറഞ്ഞു.
ടി കൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം അനന്തന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved