Latest News :
Home » , , » ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍

Written By Muhimmath News on Monday, 15 May 2017 | 11:58

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായി. മുഖ്യപ്രതി റിനീഷ് അടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്. 

രാമന്തളിയില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നാലുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. റിനീഷ് ആണ് കേസിലെ മുഖ്യപ്രതി. 

കൊലനടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ മൂന്നുപേരുമെന്നാണ് സൂചന. മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 

ഞായറാഴ്ച രാവിലെ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ മാവിച്ചേരിയിലെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശിയുടേതാണ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറെന്നാണ് വിവരം. കാര്‍ കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. 

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് വെള്ളിയാഴ്ച അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ബൈക്കില്‍ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിന് സമീപത്ത് വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved