Latest News :
Home » » കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം

കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം

Written By Muhimmath News on Thursday, 18 May 2017 | 18:09



കുമ്പള: കുമ്പള കണിപുര ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം. ശ്രീകോവിലിന് അകത്ത് കയറാനായിട്ടില്ല. ശ്രീകോവിലിന് പുറത്ത് സോപാനത്തിന്റെ രണ്ട് ചുമരുകളില്‍ മരത്തില്‍ തീര്‍ത്ത ജയവിജയദേവന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ മുഖാവരണവും വെള്ളിയാഭരണങ്ങളും അടര്‍ത്തിയെടുത്ത് ചാക്കില്‍ കെട്ടിയ നിലയിലാണ്. ശ്രീകോവിലിലേക്ക് കയറുന്ന മൂന്ന് പടികളില്‍ ചെമ്പ് തകിടും വെള്ളിത്തകിടും വിരിച്ചിരുന്നു. സ്‌ക്രൂ ഇളക്കിമാറ്റി രണ്ടുപടികളിലെ വെള്ളിയാഭരണങ്ങള്‍ അടര്‍ത്തിയ നിലയിലാണ്. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചിട്ടുണ്ടെങ്കിലും വാതിലിന് മറ്റൊരു രഹസ്യ പൂട്ട് ഉള്ളതിനാല്‍ അത് കണ്ടെത്താനോ പൊളിക്കാനോ കഴിഞ്ഞിട്ടില്ല. ക്ഷേത്ര പൂജാരിക്ക് മാത്രമേ അത് എവിടെയാണെന്ന് അറിയുകയുള്ളു.


വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരമണിക്ക് പൂജാരി എത്തും മുമ്പ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഗേറ്റ് തുറക്കാന്‍ കാവല്‍ക്കാരന്‍ പി. ലക്ഷ്മണ പോകുമ്പോഴാണ് മേല്‍കൂരക്ക് മുകളില്‍ ശബ്ദം കേട്ട് നോക്കിയത്. മേല്‍കൂരക്ക് മുകളില്‍ ആരോ നില്‍ക്കുന്നത് കണ്ട് ലക്ഷ്മണ ഉച്ചത്തില്‍ നിലവിളിച്ചു. അതോടെ മേല്‍കൂരക്ക് മുകളിലൂടെ ഓടി ദേശീയപാതയിലേക്ക് ചാടി മോഷ്ടാവ് രക്ഷപ്പെട്ടു. പാന്റ്‌സും ഷര്‍ട്ടുമായിരുന്നു വേഷം. ആള്‍ക്കാര്‍ ഓടിക്കൂടി നോക്കിയപ്പോഴാണ് മേല്‍കൂരക്ക് മുകളില്‍ രണ്ട് ചാക്കുകെട്ടുകള്‍ കണ്ടത്. അതിനകത്താണ് വെള്ളി മുഖാവരണവും ആഭരണങ്ങളും സോപാനത്തിലെ വെള്ളിപ്പടിയും കണ്ടത്. ഇവ കൊണ്ടുപോകാനുള്ള എളുപ്പത്തിനായി മടക്കി അമര്‍ത്തിയ നിലയിലായിരുന്നു. അതിനാല്‍ വീണ്ടും ഉരുക്കി പുനര്‍നിര്‍മാണം നടത്തേണ്ടിവരുമെന്ന് സംശയിക്കുന്നു.


എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാമനാഥഷെട്ടിയുടെ പരാതിയില്‍ കുമ്പള പൊലീസ് എത്തി അന്വേഷണം തുടങ്ങി. ക്ഷേത്രത്തില്‍ സി.സി.ടി.വി ക്യാമറ ഉത്സവ സമയങ്ങളില്‍ മാത്രമേ സ്ഥാപിക്കാറുള്ളു. ക്ഷേത്ര കവര്‍ച്ചക്കാരില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയവരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നുവരുന്നു. കവരാന്‍ ശ്രമിച്ച വെള്ളിയാഭരണങ്ങള്‍ക്ക് മൂന്ന് കിലോ തൂക്കംവരും. ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുമെന്ന് മാനേജര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved