Latest News :
Home » , » സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ കാസര്‍കോടിന് ചരിത്രവിജയം

സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ കാസര്‍കോടിന് ചരിത്രവിജയം

Written By Muhimmath News on Monday, 29 May 2017 | 18:39



ആലപ്പുഴ: കുടുംബശ്രീ 19-ാം വാര്‍ഷികം അരങ്ങ് 2017 ന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലാമേളയില്‍ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് മത്സരം നടന്ന കലോത്സവത്തില്‍ മുന്‍ വര്‍ഷങ്ങളിലെ കിരീട ജേതാക്കളായ മലപ്പുറം, കോഴിക്കോട് ജില്ലകളെ പിന്നിലാക്കിയാണ് കാസര്‍കോട് ചരിത്രം കുറിച്ചത്.

നാടകം, നാടന്‍പാട്ട്, മിമിക്രി, കവിതാപാരായണം, കഥാരചന എന്നിവയില്‍ ഒന്നാം സ്ഥാനവും ഒപ്പന, തിരുവാതിര, സംഘനൃത്തം, മോണോ ആക്ട് എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും കവിതാരചനയില്‍ മൂന്നാം സ്ഥാനവും നേടി ആകെ 60 പോയിന്റുമായാണ് ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. നിലവാരമുളള മത്സരാര്‍ത്ഥികളും വാശിയേറിയ പേരാട്ടവും മേളയെ മികവുറ്റതാക്കി. കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന മാപ്പിളരാമായണത്തിലൂടെ നാടന്‍ പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് ടീം കലോത്സവ നഗരിയില്‍ ശ്രദ്ധാകേന്ദ്രമായി. സമാപന സമ്മേളനത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, കെ ടി ജലീല്‍, തോമസ് ചാണ്ടി, തിലോത്തമന്‍, തുങ്ങിയവരുടെ സാന്നിധ്യത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയില്‍ നിന്ന് കാസര്‍കോട് ജില്ലാ ടീം ഓവറോള്‍ കിരീടം ഏറ്റുവാങ്ങി.

സംസ്ഥാന കലാമത്സരങ്ങളില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെയും പരിശീലകരെയും അനുമോദിക്കുന്നതിന് ആദരം എന്ന പേരില്‍ ഒരു പരിപാടി ജൂണ്‍ മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിക്കും. ജില്ലയിലെ പൂര്‍വ്വകാല സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരെയും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെയും ചടങ്ങില്‍ ആദരിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. മത്സര വിജയികള്‍ നാടകം- (അജാനൂര്‍ സി ഡി എസ് ടീം.), നാടന്‍പാട്ട്-(അജാനൂര്‍ സി ഡി എസ് ടീം), മിമിക്രി (സരിത ശിവന്‍), കവിതാപാരായണം (ലത വി വി), കഥാരചന (പി രജനി) എന്നിവര്‍ ഒന്നാം സ്ഥാനവും ഒപ്പന (ഉദുമ സി ഡി എസ്), തിരുവാതിര (തൃക്കരിപ്പൂര്‍ സിഡിഎസ്), സംഘനൃത്തം (വലിയപറമ്പ സി ഡി എസ് ആന്റ് ചെങ്കള സി ഡി എസ്), മോണോ ആക്ട് (ടി കെ സുധാലക്ഷ്മി), ഫാന്‍സി ഡ്രസ്(ടി കെ സുധാലക്ഷ്മി) എന്നിവര്‍ രണ്ടാം സ്ഥാനവും കവിതാരചന (ഷീബാ ജയരാജന്‍) മൂന്നാം സ്ഥാനവും നേടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved