Latest News :
Home » , , , , » മുത്തലാഖ് മൗലികാവകാശമാണെങ്കില്‍ ഇടപെടില്ല: സുപ്രീം കോടതി

മുത്തലാഖ് മൗലികാവകാശമാണെങ്കില്‍ ഇടപെടില്ല: സുപ്രീം കോടതി

Written By Muhimmath News on Thursday, 11 May 2017 | 12:53

ന്യൂഡല്‍ഹി: മുത്തലാഖ് ഇസ്ലാം മതത്തിന്റെ മൗലികാവകാശമാണെന്ന് ബോധ്യമായാല്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വാക്കാലുള്ള വിവാഹമോചനത്തിന്റെ ഭരണഘടനാപരമായ സാധുത മാത്രമാണ് ബഞ്ച് പരിഗണിക്കുന്നത്. ബഹുഭാര്യാത്വമല്ല തങ്ങളുടെ വിഷയമെന്നും കോടതി അടിവരയിട്ടു പറഞ്ഞു. 


മുത്തലാഖ് വിഷയത്തില്‍ വാദം ആരംഭിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണിത്. അതിനിടെ മുത്തലാഖ്, ബഹുഭാര്യത്വം നിക്കാഹ് എന്നിവ നിയമവിരുദ്ധമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയിലെത്തിയിരുന്നു. സമത്വം, ലിംഗനീതി എന്നിവക്കെതിരാണ് മുത്തലാഖും ബഹുഭാര്യത്വവും നിക്കാഹുമെന്നും അതിനാല്‍, അവക്കുള്ള നിയമസാധുത പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്രനിലപാട്. 

എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഈ വിഷയം തീര്‍പ്പാക്കേണ്ടത് ഇസ്‌ലാമിക പണ്ഡിതരാണെന്നും സുപ്രീംകോടതിയല്ലെന്നുമുള്ള നിലപാടാണ് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് കൈക്കൊണ്ടത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലൂടെ പുനഃപരിശോധനക്ക് വെച്ചിരിക്കുന്നത് മതവിശ്വാസികളുടെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അവ ചോദ്യംചെയ്യുന്നത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചത്.

ആറ് ദിവസത്തെ വാദത്തിനാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചില്‍ ഇന്ന് തുടക്കമായത്. മൂന്നു ദിവസം മുത്തലാഖിനെ എതിര്‍ക്കുന്നവര്‍ക്കും മൂന്നു ദിവസം മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും തങ്ങളുടെ വാദം അവതരിപ്പിക്കാം. തുടര്‍ന്നുള്ള വാദങ്ങളില്‍ മുന്‍പുന്നയിച്ച വാദങ്ങളൊന്നും ഉന്നയിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബഞ്ചിലുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved