Latest News :
Home » » യുവതിയുടെ അഞ്ചുപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച യുവാവ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടു

യുവതിയുടെ അഞ്ചുപവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച യുവാവ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടു

Written By Muhimmath News on Thursday, 11 May 2017 | 18:58

കാഞ്ഞങ്ങാട്: ബന്ധുക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച യുവാവ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. ചെന്നൈയില്‍ താമസിക്കുന്ന കൊഴക്കുണ്ട് മുത്തപ്പന്‍തറ സ്വദേശിനിയുടെ അഞ്ചു പവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. ശ്രീകൃഷ്ണ മന്ദിരത്തിന് സമീപത്തെ ബന്ധുവീട്ടിലേക്കെത്തിയതായിരുന്നു യുവതി. രാത്രി എട്ട് മണിയോടെ ബന്ധുക്കള്‍ക്കൊപ്പം കൈലാസ് തീയേറ്ററിന് സമീപത്ത് കൂടി നടന്നു പോകുന്നതിനിടെ മുന്നിലൂടെ നടന്നുവന്ന യുവാവ് യുവതിയുടെ മാല തട്ടിപ്പറിക്കുകയായിരുന്നു. ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. യുവാവ് ധരിച്ച ടീഷര്‍ട്ട് പിടിച്ചു വലിച്ചെങ്കിലും ടീഷര്‍ട്ട് ഊരിമാറ്റിയ യുവാവ് ഓടിപ്പോവുകയായിരുന്നു. ടീ ഷര്‍ട്ടിനുള്ളില്‍ മറ്റൊരു ഷര്‍ട്ട് ധരിച്ചിരുന്നുവത്രെ.

അറഫാ ഗോള്‍ഡ് ജ്വല്ലറിക്ക് സമീപത്തൂടെ ഓടിയ യുവാവ് കാഞ്ഞങ്ങാട് റെയില്‍വെസ്‌റ്റേഷനിലെത്തി തീവണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഭാഗത്ത് നേരത്തെയും സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved