Latest News :
Home » » മണല്‍ പിടിച്ചെടുക്കാനെത്തിയ റവന്യൂ, പോലീസ് സംഘത്തെ തടയാന്‍ ശ്രമം; 11 ലോഡ് മണല്‍ പിടിച്ചെടുത്തു

മണല്‍ പിടിച്ചെടുക്കാനെത്തിയ റവന്യൂ, പോലീസ് സംഘത്തെ തടയാന്‍ ശ്രമം; 11 ലോഡ് മണല്‍ പിടിച്ചെടുത്തു

Written By Muhimmath News on Friday, 19 May 2017 | 11:57

തൃക്കരിപ്പൂര്‍: ആയിറ്റിയിലെ സര്‍ക്കാര്‍ കൈവശരേഖ നല്‍കിയ ഭൂമിയില്‍നിന്ന് അനധികൃതമായി കടത്തി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട ടണ്‍ കണക്കിന് മണല്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പിടിച്ചെടുത്തു. അധികൃതരുടെ നടപടി തടയാന്‍ ഒരുവിഭാഗം മണലെടുപ്പുകാര്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നിര്‍ദേശ പ്രകാരം ആയിറ്റി കോളനിയില്‍ എത്തിയ റവന്യു, പോലീസ് സംഘമാണ് മണല്‍ പിടിച്ചെടുത്ത് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റിയത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രഹസ്യമായി കൂട്ടിയിട്ട മണല്‍ പിടിച്ചെടുക്കാന്‍ പോലീസ് സംഘത്തോടൊപ്പമാണ് റവന്യൂ സംഘം ആയിറ്റി കോളനിയില്‍ എത്തിയത്. ഹൊസ്ദുര്‍ഗ് ഡെപ്യുട്ടി തഹസില്‍ദാര്‍ ശശികുമാര്‍, വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഇ.വി.വിനോദ്, ഉദിനൂര്‍ വില്ലേജ് ഓഫീസര്‍ സുബൈര്‍ എന്നിവരും ചന്തേര എസ്.ഐ. കെ.വി.ഉമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് മണല്‍ പിടിക്കാന്‍ ആയിറ്റിയില്‍ എത്തിയത്.

സര്‍ക്കാര്‍ നല്‍കിയ സ്ഥലത്തുനിന്ന് അനധികൃതമായി കുഴിച്ചെടുത്ത മണല്‍ തൊട്ടടുത്തുള്ളയാളുടെ പറമ്പിലാണ് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതിനായി സൂക്ഷിച്ചിരുന്നത്. ഇവിടെവെച്ച് ആവശ്യക്കാര്‍ക്ക് മണല്‍ ലോറിയില്‍ കയറ്റി എത്തിച്ചുകൊടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ജില്ലാ കളക്ടര്‍ക്കും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് റവന്യു സംഘം സ്ഥലത്തെത്തിയത്.

മണല്‍ ജപ്തിചെയ്ത് കൊണ്ടുപോകാനുള്ള ശ്രമമാണ് ചിലര്‍ തടഞ്ഞത്. സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വീട് വെയ്ക്കാന്‍ നല്‍കിയ രണ്ടുലക്ഷം രൂപ തികയാത്തതിനാല്‍ വീട് വെയ്ക്കാന്‍ നല്‍കിയ രണ്ടുലക്ഷം രൂപ തികയാത്തതിനാല്‍ വീട് പൂര്‍ത്തിയാക്കാനാണ് മണല്‍ എടുത്തതെന്നാണ് കോളനിയിലുള്ളവര്‍ പറയുന്നത്. 

തര്‍ക്കത്തിനിടയില്‍ പോലീസ് സഹായത്തോടെ റവന്യുസംഘം ബലം പ്രയോഗിച്ച് മണല്‍ പിടിച്ചെടുത്ത് ലോറിയില്‍ കയറ്റി. ജെ.സി.ബി.യും ലോറിയും ഉള്‍പ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു സംഘം എത്തിയത്.

വൈകുന്നേരം ഏഴുമണിയോടെയാണ് പിടിച്ചെടുത്ത മണല്‍ നീക്കിയത്. ഏഴുമണിക്കൂര്‍ നീണ്ട ശ്രമഫലമായി 2400 അടിയോളം വരുന്ന 11 ലോഡ് മണല്‍ താലൂക്ക് ഓഫീസിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥരായ അരുണ്‍, സന്തോഷ്, ബാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved