Latest News :
Home » , , » ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന മലയാളി കുഞ്ഞിന് ഇനി ആയുഷ്‌കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര

ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന മലയാളി കുഞ്ഞിന് ഇനി ആയുഷ്‌കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര

Written By Muhimmath News on Monday, 19 June 2017 | 12:38

മുംബൈ: സൗദിയിലെ ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന മലയാളിയായ കുഞ്ഞിന് ഇനി ആയുഷ്‌കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയില്‍ ഇനി ജീവിതകാലം മുഴുവന്‍ ഈ കുട്ടിക്ക് സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ യാത്രചെയ്യാമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു. 

ഞായറാഴ്ചയാണ് ദമാമില്‍നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 569 നമ്പര്‍ വിമാനത്തിനുള്ളില്‍ യുവതി പ്രസവിച്ചത്.

35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്‌സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്. ഇക്കണോമി ക്ലാസില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. തുടര്‍ന്നാണ് യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചത്.

മലയാളി നഴ്‌സാണ് പരിചരണം നല്‍കിയത്. ജെറ്റ് എയര്‍വെയ്‌സിലെ മുഹമ്മദ് താജ് ഹയാത്ത്, ദെബ്രെ തവാരസ്, ഈഷ ജയ്കര്‍, സുസ്മിത ഡേവിഡ്, കാതറിന്‍ ലെപ്ച്ച, തേജസ് ചവാന്‍ എന്നിവരാണ് സഹായം നല്‍കിയത്. എന്നാല്‍ യാത്രികയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് അവര്‍ പറഞ്ഞു. യുവതി തൊടുപുഴ സ്വദേശിനിയാണ്.

വിമാനത്താവളത്തിലെ ആംബുലന്‍സിലാണ് യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ ആസ്പത്രിയിലേക്കു മാറ്റിയത്. യുവതിക്കും കുഞ്ഞിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകളില്ലെങ്കിലും യാത്രതുടരുന്നത് സുരക്ഷിതല്ലാത്തതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനം രാവിലെ പതിനൊന്നേകാലോടെ കൊച്ചിയിലേക്കു തിരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved