Latest News :
Home » , » ബി.ജെ.പി മന്ത്രിയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കി

ബി.ജെ.പി മന്ത്രിയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കി

Written By Muhimmath News on Saturday, 24 June 2017 | 20:14

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മുതിര്‍ന്ന മന്ത്രി നരോത്തം മിശ്രയെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യനാക്കി. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിലെ ജലവിഭവ, പാര്‍ലമന്റെറി കാര്യ മന്ത്രിയാണ് നരോത്തം മിശ്ര. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചതിനും പെയ്ഡ് ന്യൂസ് ഉണ്ടാക്കിയതിനുമാണ് അയോഗ്യത. മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിനാണ് വിലക്ക്.

പെയ്ഡ് ന്യൂസിന് ചെലവായ തുകയെ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചില്ല എന്നതാണ് കണ്ടെത്തിയിരിക്കുന്നത്. ദാത്തിയ നിയോജക മണ്ഡലത്തില്‍ നിന്നാണ് നരോത്തം മിശ്ര തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ രാജേന്ദ്ര ഭാര്‍തി 2009 ഏപ്രിലിലാണ് നരോത്തം മിശ്രക്കെതിരെ പരാതി ഉന്നയിച്ചത്. 2008 ലെ മിശ്രയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചില വിവരങ്ങള്‍ ചേര്‍ത്തിട്ടില്ലെന്നായിരുന്നു പരാതി.

2013 ജനുവരി 15ന് മിശ്രക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്കെതിരെ മിശ്ര മധ്യപ്രദേശ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ അടുത്ത സഹായിയാണ് നരോത്തം മിശ്ര.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved