Latest News :
Home » , » പോലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനാണോയെന്ന് ഹൈകോടതി

പോലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനാണോയെന്ന് ഹൈകോടതി

Written By Muhimmath News on Monday, 12 June 2017 | 16:02



കൊച്ചി: ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കുന്നതിനാണോ ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഡി.ജി.പിയെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ നിയോഗിച്ചിരിക്കുന്നതെങ്കില്‍, അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി.ജി.പിയായി ടി.പി. സെന്‍കുമാറിനെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് സേനയില്‍ നടത്തിയ സ്ഥലം മാറ്റങ്ങളും പൊലീസ് ആസ്ഥാനത്ത് ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ടോമിന്‍ തച്ചങ്കരി നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍കുമാര്‍ സ്ഥാനമേല്‍ക്കും മുമ്പ് പൊലീസ് ആസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ കൈയ്യിലൊതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

കൂട്ടസ്ഥലംമാറ്റത്തിന്റെ രേഖകള്‍ പരിശോധിച്ച് റദ്ദാക്കണമെന്നു കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാന സെക്യൂരിറ്റി കമ്മിഷനെ നിയമിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു. പല തവണ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണു തച്ചങ്കരി. കീഴുദ്യോഗസ്ഥരില്‍നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് 2016 ഓഗസ്റ്റില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved