Latest News :
Home » , , » രാജ്യം ജിഎസ്ടിയിലേക്ക്; പ്രഖ്യാപനം അര്‍ധരാത്രിയില്‍

രാജ്യം ജിഎസ്ടിയിലേക്ക്; പ്രഖ്യാപനം അര്‍ധരാത്രിയില്‍

Written By Muhimmath News on Friday, 30 June 2017 | 22:10



ന്യൂഡല്‍ഹി: രാജ്യം ഒരു ചരിത്രമുഹൂര്‍ത്തതിന് സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ വേദിയാകുന്ന ആഘോഷരാവില്‍ ചരക്ക് സേവന നികുതി എന്ന ഏകീകൃത സംവിധാനത്തിലേയ്ക്ക് ഇന്ത്യ മാറും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം രാത്രി 11 ന് തുടങ്ങി 12 ന് സമാപിക്കുകയും തുടര്‍ന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ഒറ്റ നികുതിയാകും ഉണ്ടാകുക. അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസും തൃണമുല്‍ കോണ്‍ഗ്രസും ബഹിഷ്‌കരിക്കും.

ഇടത് എംപിമാരും വിട്ടുനില്‍ക്കും. രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്. കേരളത്തില്‍നിന്ന് 2.62 ലക്ഷം വ്യാപാരികളാണ് ജിഎസ്ടിയുടെ ഭാഗമാകുന്നത്. വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന എല്ലാവ്യാപാരികള്‍ക്കും ജിഎസ്ടിയില്‍ കച്ചവടം തുടരാനാകും. ഉപഭോഗത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചുള്ള നികുതിയാണ് ചരക്ക്‌സേവന നികുതി. നിര്‍മാണം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും നികുതി ചുമത്തും. ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവര്‍ധനയ്ക്കു മാത്രമായിരിക്കും നികുതി ചുമത്തുക. ജി.എസ്.ടി. യുടെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഉത്പന്നങ്ങള്‍ മദ്യം, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം, വൈദ്യുതി. ഈ ഉത്പന്നങ്ങളുടെ കാര്യത്തില്‍ നിലവിലുള്ള നികുതി സമ്പ്രദായം തുടരും. പുകയില ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ബാധകമായിരിക്കും. പുകയിലെ ഉത്പന്നങ്ങള്‍ക്കു മേല്‍ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനും സാധിക്കും. ഒരേ നികുതി അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ടു തലത്തിലുള്ള ജി.എസ്.ടി.യാണ് നടപ്പിലാക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന കൈമാറ്റത്തിന്‍മേല്‍ കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി. (സി.ജി.എസ്.ടി.) എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സ്‌റ്റേറ്റ് ജി.എസ്.ടി. (എസ്.ജി.എസ്.ടി.) എന്നും.

അന്തസ്സംസ്ഥാന കൈമാറ്റങ്ങളില്‍ ഐ.ജി.എസ്.ടി. എന്ന പേരിലും കേന്ദ്ര സര്‍ക്കാര്‍ നികുതി ചുമത്തും. ഫെഡറല്‍ സംവിധാനം എന്ന നിലയിലാണ് രണ്ടു തരത്തിലുള്ള നികുതി വരുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved