Latest News :
Home » » ഫാസിസം നമ്മുടെ വീട്ടുമുറ്റത്തെത്തി: പ്രൊഫ. എം എ റഹ്മാന്‍

ഫാസിസം നമ്മുടെ വീട്ടുമുറ്റത്തെത്തി: പ്രൊഫ. എം എ റഹ്മാന്‍

Written By Muhimmath News on Tuesday, 20 June 2017 | 09:57
























കാഞ്ഞങ്ങാട്: ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫാസിസം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ വീട്ടുമുറ്റത്തും എത്തുകയാണെന്ന് ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം എ റഹ്മാന്‍ പറഞ്ഞു. യുവകലാസാഹിതി കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അധികാരം കൈയില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബുള്‍ഡോസര്‍ പോലെയാണ് ഫാസിസം വരുന്നത്. രാജ്യത്തെ മറ്റിടങ്ങളിലെല്ലാം മെട്രോ ഉദ്ഘാടനം ചെയ്തത് ആ നാട്ടിലുള്ളവര്‍ തന്നെയായിരുന്നു. കേരളത്തിലാകുമ്പോള്‍ ഉദ്ഘാടനത്തിന് കേന്ദ്രത്തില്‍ നിന്ന് ആളുവരണം എന്നുവരുന്നു. ജനങ്ങളെ വല്ലാത്ത ഭയം വേട്ടയാടുകയാണ്. സമാധാനത്തോടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ ഭയം ഉദ്പാദിപ്പിക്കുകയാണ് ഫാസിസ്റ്റ് ശക്തികള്‍. 

ജൈവ വൈവിധ്യങ്ങളുടെ കലവറയായ കാസര്‍കോട് ജില്ലയിലേക്ക് പല രൂപത്തിലാണ് ഫാസിസം വരുന്നത്. ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളി ഇന്ത്യാരാജ്യം അതിജീവിക്കും. സാംസ്‌ക്കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഭാവിയില്‍ ഇന്ത്യക്ക് വഴികാട്ടിയായി മാറുന്നത് കേരളം ആയിരിക്കുമെന്നും എം എ റഹ്മാന്‍ പറഞ്ഞു. 

പരിപാടിയില്‍ ഡോ.അജയകുമാര്‍ കോടോത്ത്  അധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്കും എം എ റഹ്മാന്‍ ഉപഹാരം സമ്മാനിച്ചു. കെ. ബാലകൃഷ്ണന്‍, അഡ്വ. ടി വി രാജേന്ദ്രന്‍, പി. മുരളീധരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.വിപിന്‍ ചന്ദ്രന്‍ സ്വാഗതവും കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved