Latest News :
...
Home » , , » വാതിലില്‍ മുട്ടിവിളിച്ചത് അത്താഴത്തിനു എഴുന്നേറ്റ മുസ്‌ലിം ചെറുപ്പക്കാര്‍; മസ്ജിദും ചര്‍ച്ചും അവര്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു

വാതിലില്‍ മുട്ടിവിളിച്ചത് അത്താഴത്തിനു എഴുന്നേറ്റ മുസ്‌ലിം ചെറുപ്പക്കാര്‍; മസ്ജിദും ചര്‍ച്ചും അവര്‍ക്കു മുമ്പില്‍ തുറക്കപ്പെട്ടു

Written By Muhimmath News on Thursday, 15 June 2017 | 10:45

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിനെ പിടിച്ചു വിഴുങ്ങിയ തീനാമ്പുകള്‍ ലണ്ടന്റെ ഓര്‍മകളില്‍ അത്രയൊന്നും ചാരമാകില്ല. സമീപകാലത്തുണ്ടായ ഏറ്റവും വലിയ അഗ്‌നിബാധയുടെ ഞെട്ടലില്‍ നിന്ന് കെന്‍സിങ്ടണ്‍ നഗരം ഇനിയും മുക്തമായിട്ടില്ല. കാത്തിരിക്കുകയാണ് അവര്‍; കാണാതായ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടിയുള്ള ദുഃഖനിര്‍ഭരമായ കാത്തിരിപ്പ്. 12 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ അമ്പത് പേരെ ഇപ്പോഴും കാണ്മാനില്ല. സാമൂഹിക മാധ്യമങ്ങളില്‍ പ്രതീക്ഷയുടെ തിരിനാമ്പുകള്‍ തേടിയുള്ള സന്ദേശങ്ങളായി അവ കൈമാറപ്പെട്ടു കൊണ്ടിരിക്കുന്നു. വരുമെന്നോ വരില്ലെന്നോ ഉറപ്പില്ലാത്ത ജീവിതങ്ങള്‍ക്കായി അവര്‍ കണ്ണുനട്ടിരിക്കുന്നു. 


ബുധനാഴ്ച അര്‍ധരാത്രി ഒരുമണിക്കാണ് 600 ഓളം പേര്‍ താമസിക്കുന്ന 120 ഫല്‍റ്റുകളുള്ള ഈ സമുച്ചയത്തില്‍ തീ പടര്‍ന്നത്. റമദാന്‍ നോമ്പെടുക്കാനായി അത്താഴത്തിന് എണീറ്റ മുസ്‌ലിംകളാണ് തീ പടര്‍ന്നത് ആദ്യം കണ്ടത്. ഉടന്‍ അവര്‍ ഓരോ വാതിലിലും ഓടിച്ചെന്ന് ഉറങ്ങുന്ന അയല്‍വാസികളെ മുട്ടിവിളിച്ചുണര്‍ത്തി. ആ രാത്രിയുടെ തണുപ്പില്‍ പുതച്ചുറങ്ങുന്നവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അവരുടെ കൈയിലായിരുന്നു. ഫയര്‍ അലാറം പോലും പ്രവര്‍ത്തിക്കാതിരുന്ന ആ കെട്ടിടത്തില്‍ അവര്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തിയിരുന്നില്ലെങ്കില്‍ ഈ ദുരന്തം ഇതിലേറെ ദാരുണമായേനെ. ഗ്രെന്‍ഫെല്‍ ടവറിലെ എട്ടാം നിലയില്‍ താമസിക്കുന്ന ഖാലിദ് സുലൈമാന്റെ വാക്കുകള്‍ ഇങ്ങനെ; ' ഒരു ഫയര്‍ അലാറവും പ്രവര്‍ത്തിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞില്ല. അത്താഴത്തിന്റെ സമയമാകാന്‍ വേണ്ടി പ്ലേ സ്‌റ്റേഷന്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് എന്തോ കത്തുന്നതിന്റെ മണം വന്നത്. എണീറ്റ് ജനവാതിലിലൂടെ പുറത്തേക്ക് നോക്കി. ഏഴാം നിലയില്‍ തീ പിടിച്ചതായാണ് കണ്ടത്. ഉടന്‍ ഉറങ്ങുന്ന അമ്മായിയെ വിളിച്ചു. വസത്രമിട്ട് അയല്‍വാസികളുടെ വാതില്‍ക്കല്‍ മുട്ടിവിളിക്കാന്‍ തുടങ്ങി. രണ്ടു വീടുകളല്ലാതെ എല്ലാം തുറക്കപ്പെട്ടു. ഇടനാഴിയില്‍ നിറയെ കരിമ്പുക നിറഞ്ഞിരുന്നു. ഇത്രവലിയ സംഭവമാണ് ഇതെന്ന് നിനച്ചിരുന്നില്ല. ഒറ്റപ്പെട്ട തീപിടിത്തമാണെന്നാണ് അമ്മായി കരുതിയിരുന്നത്' 
'മുസ്‌ലിം യുവാക്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ ആളുകളുടെ വാതിലുകളില്‍ മുട്ടിവിളിച്ചു കൊണ്ടേയിരുന്നു. റമസാന്റെ ദൈവത്തിനു നന്ദി'  ഫല്‍റ്റിലെ ഒരു അന്തേവാസി ഹഫിങ്ടണ്‍ പോസ്റ്റ് യു.കെയോട് പറഞ്ഞു. ജനങ്ങളെ പുറത്തെത്തിക്കുന്നതില്‍ മുസ്‌ലിം യുവാക്കള്‍ വലിയ പങ്കാണ് വഹിച്ചതെന്ന് 33 കാരനായ ആന്ദ്രെ ബറാസോ ദ ഇന്‍ഡിപെന്റഡിനോട് പറഞ്ഞു. 'ഞാന്‍ കണ്ട മിക്കവരും മുസ്‌ലിംകളായിരുന്നു. അവരാണ് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തത്' 


അപകടമുണ്ടായ ഉടന്‍ തന്നെ പ്രദേശത്തെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുകളും അല്‍ മനാര്‍ മസ്ജിദും അന്തേവാസികള്‍ക്കായി തുറന്നു കൊടുത്തു. ലണ്ടനിലെ സിഖ് ഗുരുദ്വാര വസ്ത്രവും കളിപ്പാട്ടങ്ങളും അവശ്യസാധനങ്ങളും ശേഖരിക്കാന്‍ തുടങ്ങി. സെന്റ് ക്ലമന്റ്, സെന്റ് ജെയിംസ് ചര്‍ച്ചുകളുടെ വാതിലുകളും ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ അറിയിപ്പുകള്‍ വന്നു. Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved