Latest News :
Home » , » മഞ്ചേശ്വരത്ത് വോട്ട് ചെയ്ത 20 പേര്‍ പോളിംഗ് ദിവസം വിദേശത്തായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

മഞ്ചേശ്വരത്ത് വോട്ട് ചെയ്ത 20 പേര്‍ പോളിംഗ് ദിവസം വിദേശത്തായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

Written By Muhimmath News on Tuesday, 13 June 2017 | 10:54
























കൊച്ചി / കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചെയ്ത 20 പേര്‍ പോളിംഗ് ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 26 പേരുടെ യാത്രാരേഖകള്‍ പരിശോധിച്ചപ്പോഴാണ് 20 പേരും ഈ ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. ഭുയാന്‍ അസി. സോളിസിറ്റര്‍ ജനറല്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.

മഞ്ചേശ്വരത്ത് പി.ബി. അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയും ബി.ജെ.പി നേതാവുമായ കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കള്ളവോട്ട് നടന്നുവെന്ന് സൂചിപ്പിക്കുന്ന വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 

വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന ഹരജിക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് 197 വോട്ടര്‍മാരുടെ യാത്രാരേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഈ പട്ടികയിലെ 26 പേരുടെ യാത്രാ രേഖകളുടെ പരിശോധനയാണ് പൂര്‍ത്തിയാക്കിയത്.

വോട്ടെടുപ്പ് ദിവസമായ 2016 മേയ് 16ന് ഇവരില്‍ ആറു പേരൊഴികെ എല്ലാവരും വിദേശത്തായിരുന്നുവെന്നാണ് കണ്ടെത്തിയത്. പാസ്‌പോര്‍ട്ട് നമ്പര്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍ദേശിച്ചിട്ടുള്ള ബാക്കി വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved