Latest News :
Home » , » വോട്ടിന് പണം: തമിഴ്‌നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തെര.കമ്മീഷന്‍ നിര്‍ദ്ദേശം

വോട്ടിന് പണം: തമിഴ്‌നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തെര.കമ്മീഷന്‍ നിര്‍ദ്ദേശം

Written By Muhimmath News on Sunday, 18 June 2017 | 18:54



ന്യൂഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴ നല്‍കിയ കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് എടപ്പാടി പളനസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഏപ്രില്‍ 12 ന് നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചെയ്യാന്‍ കോഴ നല്‍കിയെന്നാണ് ആരോപണം. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വോട്ടെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് പണമോ സമ്മാനങ്ങളോ നല്‍കി വോട്ട് പിടിക്കാനുള്ള ശ്രമം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു.

ആരോഗ്യമന്ത്രി വിജയഭാസ്‌കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ വി.കെ ശശികല കാമ്പില്‍ 90 കോടിയോളം രൂപ ആര്‍.കെ നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. പാര്‍ട്ടിയുടെ രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ടി.ടി.വി ദിനകരന്‍ കമ്മീഷന് 50 കോടി വാഗ്ദാനം ചെയ്ത കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved