Latest News :
Home » , , » ടോയ്‌ലറ്റില്‍ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ട് സ്ത്രീകള്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ടോയ്‌ലറ്റില്‍ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ട് സ്ത്രീകള്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

Written By Muhimmath News on Sunday, 18 June 2017 | 14:18


























തൃക്കരിപ്പൂര്‍: ടോയ്‌ലറ്റില്‍ പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ കയറിയ രണ്ടംഗ സ്ത്രീകള്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്നു. തെക്കേ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുനത്തിലിലാണ് സംഭവം. ഉടുമ്പുന്തല പുനത്തിലെ കെ. ആയിഷയുടെ വീട്ടില്‍ ശനിയാഴ്ച വൈകിട്ടാണ് രണ്ട് സ്ത്രീകള്‍ എത്തിയത്. റമദാന്‍ കാലമായതിനാല്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ സക്കാത്ത് വാങ്ങാന്‍ വന്നവരാണെന്ന് കരുതിയാണ് ആയിഷ വാതില്‍ തുറന്നത്. വീട്ടില്‍ ആയിഷ മാത്രമെ ഉണ്ടായിരുന്നുള്ളു. ബുര്‍ഖ ധരിച്ച സ്ത്രീകള്‍, തങ്ങള്‍ സക്കാത്തിന് വന്നതല്ലെന്നും ടോയ്‌ലറ്റില്‍ പോകേണ്ട ആവശ്യമുണ്ടെന്നും അറിയിച്ചു. ഒരാള്‍ ടോയ്‌ലറ്റിലിലേക്ക് കയറുന്നതിനിടെ പിറകില്‍ നിന്നിരുന്ന സ്ത്രീ മുന്‍ വാതിലടച്ച് കൊളുത്തിട്ടു. ഇതിനിടയില്‍ പര്‍ദ്ദക്കുള്ളില്‍ നിന്ന് കത്തിയെടുത്ത് ആയിഷക്ക് നേരെ നീട്ടുകയും പൊന്നും പണവും എടുക്കണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.

പിന്നീട് ആയിഷയെ കൊണ്ട് താക്കോലെടുപ്പിച്ച് അലമാര തുറപ്പിക്കുകയും അതിനകത്തുണ്ടായിരുന്ന 55,000 രൂപ കൈക്കലാക്കുകയുമായിരുന്നു. കൃത്യം നിര്‍വ്വഹിച്ച ശേഷം ഉടന്‍ തന്നെ സംഘം സ്ഥലം വിട്ടു. ആയിഷ വീടിന് പുറത്തിറങ്ങി ബഹളം വെച്ചപ്പോഴാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. കവര്‍ച്ച നടത്തിയ സ്ത്രീകളെ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അടുത്ത മാസം നടക്കേണ്ട ആയിഷയുടെ മകന്റെ കല്ല്യാണാവശ്യത്തിന് കരുതി വെച്ച പണമാണ് കവര്‍ന്നത്. വീട്ടില്‍ കല്ല്യാണമുണ്ടെന്ന് മണത്തറിഞ്ഞ് പൊന്നും പണവും കൈക്കലാക്കുകയായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved