Latest News :
Home » , » ന്യൂനപക്ഷങ്ങള്‍ക്കെതിരെ വളര്‍ന്നു വരുന്ന ആക്രമണങ്ങള്‍; കേന്ദ്രത്തിന്റെ നിശബ്ദതയില്‍ പ്രതിഷേധിച്ച് ശബ്‌നം ഹാഷ്മി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വളര്‍ന്നു വരുന്ന ആക്രമണങ്ങള്‍; കേന്ദ്രത്തിന്റെ നിശബ്ദതയില്‍ പ്രതിഷേധിച്ച് ശബ്‌നം ഹാഷ്മി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി

Written By Muhimmath News on Wednesday, 28 June 2017 | 11:17

ന്യൂദല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഇന്നും കേന്ദ്രസര്‍ക്കാരും ന്യൂനപക്ഷ കമ്മീഷനും വേണ്ട നടപടികള്‍ സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ല. കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 

2008 ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നല്‍കിയ ദേശീയ ന്യൂനപക്ഷ അവകാശ പുരസ്‌കാരമാണ് ചൊവ്വാഴ്ച ദല്‍ഹിയിലെ കമ്മീഷന്‍ ഓഫിസിലെത്തി ഡയറക്ടര്‍ക്ക് ശബ്‌നം തിരിച്ചേല്‍പ്പിച്ചത്.

മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്രമണമുണ്ടാകുമ്പോഴും അക്രമിസംഘത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് ശബ്‌നം പറയുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുകയാണ്. ഭീതിയുടെയും ഭീകരതയുടെയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കമ്മീഷന്‍ സജീവമായി ഇടപെടേണ്ടതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

പൊലീസ് കെട്ടിച്ചമക്കുന്ന ആരോപണങ്ങള്‍ക്ക് അനുസരിച്ച് പാകിസ്ഥാനിലേക്ക് പോകാനാണ് മുസ്‌ലിങ്ങളോട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടതെന്നും ശബ്‌നം ഹാഷ്മി പറയുന്നു. ഇതു സംബന്ധിച്ച് കമ്മീഷന് ഹാഷ്മി കത്തും നല്‍കുകയുണ്ടായി. ബീഫുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളും ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കിടെ ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതും ജാര്‍ഖണ്ഡില്‍ രണ്ടു മുസ്ലിം യുവാക്കള്‍ തൂങ്ങിമരിച്ചതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹാഷ്മി കത്തില്‍ വിശദമാക്കുന്നു.

വിഷയത്തില്‍ കമ്മീഷന്‍ ചെയര്‍മാനുമായി സംസാരിക്കാന്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും യാത്രയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved