Latest News :
Home » , , » ജനനേന്ദ്രിയം മുറിച്ചത് താന്‍ ഉറങ്ങിക്കിടക്കുമ്പോഴെന്ന് സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ചത് താന്‍ ഉറങ്ങിക്കിടക്കുമ്പോഴെന്ന് സ്വാമി ഗംഗേശാനന്ദ

Written By Muhimmath News on Friday, 2 June 2017 | 19:43



തിരുവനന്തപുരം: ജനനേന്ദ്രിയം സ്വയം മുറിച്ചതല്ലെന്നും ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയാണ് കൃത്യം നടത്തിയതെന്നും ഗംഗേശാനന്ദ. തനിക്കെതിരായ ആക്രമണത്തിന് പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടതെന്നും കണ്ണുതുറന്നപ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടതെന്നും ഗംഗേശാനന്ദ പറയുന്നു. വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പറയുന്ന കാര്യങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല. പെണ്‍കുട്ടി നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കി മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ഗംഗേശാനന്ദ പറഞ്ഞു.

ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ പോലീസിന് മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞമാസം 20 നാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. വര്‍ഷങ്ങളായി കുടുംബവുമായി ബന്ധമുണ്ടായിരുന്ന സന്ന്യാസി, തന്നെ പ്ലസ് ടു പഠനകാലം മുതല്‍ പീഡിപ്പിച്ചിരുന്നതായി ഇരുപത്തിമൂന്നുകാരിയായ യുവതി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

സംഭവം നടന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയും യുവതിയുടെ വീട്ടിലെത്തിയ സന്ന്യാസി യുവതിയെ ലൈംഗികമായി ഉപയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സഹികെട്ട യുവതി മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു. തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ചെയ്ത് അറിയിക്കുകയും ചെയ്തു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് പേട്ട സ്‌റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസെത്തി സന്ന്യാസിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved