Latest News :
Home » , » ഉദുമ ഇസ്‌ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ ഇസ്‌ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

Written By Muhimmath News on Friday, 2 June 2017 | 17:27



ഉദുമ: വിഷന്‍ 2020 ന്റെ ഭാഗമായി ഉദുമ ഇസ്‌ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കാന്‍ സ്‌കൂള്‍ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് നടക്കും. ഉമ്മ മരത്തിന് ചുറ്റും ചെങ്കല്ല് കൊണ്ട് സീറ്റുകള്‍ നിര്‍മ്മിക്കും. മദര്‍ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും ഉമ്മ മരച്ചുവട് ഉപയോഗിക്കാവുന്ന തരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ജൈവ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് ഫലവൃക്ഷങ്ങള്‍ നടും. ഫാഷന്‍ ഫ്രൂട്ടിന്റെ പന്തലും പാര്‍ക്കില്‍ ഒരുക്കും. ഉമ്മമര പ്രഖ്യാപനത്തില്‍ നാട്ടിലെ പ്രായം ചെന്ന ഒരു ഉമ്മയെ പങ്കെടുപ്പിക്കും.

പക്ഷി മരത്തില്‍ പറവകള്‍ക്ക് കുടിക്കാന്‍ ചട്ടിയില്‍ വെള്ളം കെട്ടിവെക്കും. ഇരു മരങ്ങളുടെയും നിര്‍മാണ ചിലവ് കണ്ടെത്താന്‍ ബജറ്റുണ്ടാക്കും. സ്‌കൂളില്‍ ചുമര്‍ മാസികയുണ്ടാക്കും. അതില്‍ ഓരോ മാസത്തെയും മഹത് വചനം എഴുതിവെക്കും.

ഗള്‍ഫ് രാജ്യങ്ങളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ രണ്ടാം വാരത്തില്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം. എ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ്, പി.ടി .എ പ്രസിഡണ്ട് ഹാഷിം പാക്യാര, മുന്‍ ഹെഡ്മാസ്റ്റര്‍ എം.ശ്രീധരന്‍, സത്താര്‍ മുക്കുന്നോത്ത്, ഷെരീഫ് എരോല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശംസുദ്ധീന്‍ ബങ്കണ, ഹംസ ദേളി, സിദ്ദീഖ് ഈച്ചിലിങ്കാല്‍, പി.സുജിത്ത് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved