Latest News :
Home » » ജില്ലയില്‍ 18 കഴിഞ്ഞ 34,093 പേര്‍ വോട്ടര്‍പട്ടികയിലില്ല; ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിവരശേഖരണം നടത്തും

ജില്ലയില്‍ 18 കഴിഞ്ഞ 34,093 പേര്‍ വോട്ടര്‍പട്ടികയിലില്ല; ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിവരശേഖരണം നടത്തും

Written By Muhimmath News on Friday, 2 June 2017 | 12:31

കാസര്‍കോട്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 34,093 പേര്‍ ബാക്കി. പുതിയ സെന്‍സസ് പ്രകാരം പ്രായപൂര്‍ത്തിയായ 50,189 പേരില്‍ 16,096 പേര്‍ മാത്രമാണ് വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത്. 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ ലക്ഷ്യമിട്ട് ജൂലൈ ഒന്നുമുതല്‍ 31 വരെ പ്രത്യേക പ്രചാരണം നടത്തുമെന്ന് എഡിഎം കെ അബുജാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

18 മുതല്‍ 21 വയസുവരെയുള്ളവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ സഹായത്തോടെ ഓരോ പോളിങ് സ്‌റ്റേഷനിലും വിവരശേഖരണം നടത്തും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തും. കോളേജ്, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. 

ജൂലൈ എട്ടുമുതല്‍ 22 വരെ പൊതുജനങ്ങള്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശമുള്ള വോട്ടര്‍പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പാക്കാം. അപേക്ഷകളില്‍ ആഗസ്ത് 31നകം തീര്‍പ്പാക്കും. മരിച്ചുപോയവരുടെയും പോളിങ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കാത്തവരുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കും. ജില്ലയില്‍ 9,77,029 വോട്ടര്‍മാരുണ്ട്. ഇതില്‍ 4,76,504 പുരുഷ വോട്ടര്‍മാരും 5,00,525 സ്ത്രീ വോട്ടര്‍മാരുമുണ്ട്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനായാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved