Latest News :
...
Home » , , , , » പരക്കെ അക്രമം, തലസ്ഥാനത്ത് അതീവ ജാഗ്രത

പരക്കെ അക്രമം, തലസ്ഥാനത്ത് അതീവ ജാഗ്രത

Written By Muhimmath News on Friday, 28 July 2017 | 10:38
തിരുവനന്തപുരം:  തലസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം. ആറ്റുകാല്‍, മണക്കാട് പ്രദേശങ്ങളിലാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. ബുധനാഴ്ച രാത്രി തുടങ്ങിയ അക്രമം വെള്ളിയാഴ്ച പുലര്‍ച്ചെയും തുടര്‍ന്നു. 

നഗരസഭാ കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടേതുമടക്കം പത്ത് വീടുകള്‍ തകര്‍ത്തു. സി.പി.എം പ്രാദേശിക നേതാവിനും ബി.ജെ.പിക്കാരനുമടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് വെട്ടേറ്റു. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളും തകര്‍ത്തു. ഏതാനും ദിവസമായുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മാരാകായുധങ്ങളുമായി ആറ്റുകാല്‍, മണക്കാട് മേഖലയില്‍ അഴിഞ്ഞാടിയ അക്രമിസംഘങ്ങള്‍ വഴിയാത്രക്കാരെയും കച്ചവടക്കാരെയും മര്‍ദ്ദിച്ചു. സി.ഐ.ടി.യു മണക്കാട് ഏരിയാ സെക്രട്ടറി ശ്യാമിനാണ് വെട്ടേറ്റത്. ശ്യാമിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ ചാല ഏരിയാ സെക്രട്ടറി ഉണ്ണിക്ക് മര്‍ദനമേറ്റു. ഇയാളുടെ വീടിനു നേരെ ആക്രമണമുണ്ടായി. വീടിനു മുന്നില്‍ നിറുത്തിയിട്ടിരുന്ന പിക്കപ് ഓട്ടോ അടിച്ചുതകര്‍ത്തു. 


കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലറും സി.പി.എം നേതാവുമായ റസിയാ ബീഗത്തിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നിലുണ്ടായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് അടിച്ചു തകര്‍ത്തു. പിന്നീട് ചാല ആര്യശാലക്കടുത്തേക്ക് നീങ്ങിയ അക്രമിസംഘം ആര്യശാലയില്‍ തയ്യല്‍ക്കട നടത്തുന്ന നടരാജനെ മര്‍ദിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 

സി.പി.എം ചാല ഏരിയാ സെക്രട്ടറി എസ്.എ. സുന്ദറിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിത്തകര്‍ത്തു. 

ബി.ജെ.പിയുടെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ.പി. രമേഷ്, ആറ്റുകാല്‍ കൗണ്‍സിലറും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ബീന എന്നിവരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ബീനയുടെ വീടിന്റെ ജനലുകളും വാതിലുകളും തകര്‍ത്തു. വീട്ടിനുള്ളിലേക്ക് കല്ലെറിഞ്ഞു. മുറ്റത്ത് നിറുത്തിട്ടിരുന്ന കാറും രണ്ട് സ്‌കൂട്ടറുകളും അടിച്ചുതകര്‍ത്തു. 

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ബി.ജെ.പി കാര്യാലയത്തിന് നേരെ അക്രമം അരങ്ങേറിയത്. കാര്യാലയത്തിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതുള്‍പ്പെടെ വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം അഞ്ച് പോലീകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കാഴ്ചക്കാരാക്കി മാറ്റിയായിരുന്നു ആക്രമണം. 

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. 
ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. 

സിറ്റി പോലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ഇ ബൈജു എന്നിവര്‍ സ്ഥലത്തെത്തി. ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. 

സംസ്ഥാന കാര്യാലയത്തിന് നേര്‍ക്ക് അക്രമം ഉണ്ടായതിനെത്തുടര്‍ന്ന് പലയിടങ്ങളിലും സി.പി.എം -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീടിന് നേര്‍ക്കും കല്ലേറുണ്ടായി. പുലര്‍ച്ചെ മൂന്നുമണിയോടു കൂടിയായിരുന്നു സംഭവം. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലേറില്‍ തകര്‍ന്നു. 

കുപ്പികളും മറ്റും വീട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നും കാര്‍ തകര്‍ന്നതായു ബിനീഷ് കോടിയേരി പറഞ്ഞു. സംഭവ സമയം കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല.

 എം.ജി കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചത്. കോളജില്‍ എസ്.എഫ്.ഐയുടെ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പ്രതികാരമായി മണക്കാട് ഭാഗത്ത് ബി.ജെ.പി കൊടിമരം തകര്‍ക്കപ്പെട്ടു. തൊട്ടു പിറകെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തലസ്ഥാനത്ത് പോലീസ് അതീവ ജാഗ്രത ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും സുരക്ഷ ശക്തമാക്കി.        

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved