Latest News :
Home » » യു.പിയില്‍ പത്രസമ്മേളനത്തിനിടെ പ്രസ്‌ക്ലബ്ബില്‍ കയറി ദലിത് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

യു.പിയില്‍ പത്രസമ്മേളനത്തിനിടെ പ്രസ്‌ക്ലബ്ബില്‍ കയറി ദലിത് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

Written By Muhimmath News on Monday, 3 July 2017 | 20:03



ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ജാതീയ ആക്രമണങ്ങള്‍ക്കെതിരെ പത്രസമ്മേളനം വിളിച്ച ദലിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ലഖ്‌നോവിലെ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തികൊണ്ടിരിക്കെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയത്. ദലിത് നേതാവ്‌സരമേശ് ദീക്ഷിത്, രാം കുമാര്‍, എസ്.ആര്‍ ദ്രൗപതി എന്നിവരുള്‍പ്പെടെ 31 പേരെയാണ് പ്രസ് ക്‌ളബ്ബില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്താസമ്മേളനത്തിനു ശേഷം ദലിത് പ്രവര്‍ത്തകര്‍ അനധികൃതമായി സംഘടിച്ച് പ്രതിഷേധ റാലി നടത്താന്‍ ആസൂത്രണം ചെയ്തുവെന്നും റാലിക്ക് പൊലീസ് അനുമതി നല്‍കിയിട്ടില്ലെന്നുമാരോപിച്ചാണ് അറസ്റ്റ്.

ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ എന്ന വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പ്രതിഷേധമറിയിക്കുന്നതിനുമാണ് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ദലിതുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിക്കാന്‍ അമ്പതോളം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ലഖ്‌നോവിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഝാന്‍സിയില്‍ വെച്ച് അവരെ തടയുകയാണുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന് വലിയൊരു സോപ്പ് ബാര്‍ സമ്മാനിക്കാന്‍ പദ്ധതിയിട്ടിരുന്നതായും എസ്.ആര്‍ ദ്രൗപതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി എത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് പട്ടികജാതിക്കാരായ കുടുംബങ്ങള്‍ക്ക് സോപ്പും ഷാംപൂവും വിതരണം ചെയ്തതിനെതിരെ പ്രതിഷേധിച്ച ദലിത് ആക്റ്റിവിസ്റ്റുകള്‍ 125 കിലോ തൂക്കമുള്ള ബാര്‍ സോപ്പാണ് യോഗി ആദിത്യനാഥിന് നല്‍കാന്‍ കൊണ്ടു വന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved