Latest News :
Home » , , , » ഡോ. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി; ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയിയെ സമീപിച്ചു

ഡോ. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി; ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയിയെ സമീപിച്ചു

Written By Muhimmath News on Wednesday, 5 July 2017 | 10:56

ന്യൂഡല്‍ഹി: ഇസ്‌ലാം സ്വീകരിച്ച ഡോ. ഹാദിയ എന്ന പെ ണ്‍കുട്ടിയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചു. 

ഭര്‍ത്താവിനു പറയാനുള്ളതു കൂടി കേള്‍ക്കാതെ വിവാഹം റദ്ദാക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണെന്നും തന്റെയോ ഭാര്യ ഹാദിയയുടെയോ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹാദിയയെ മോചിപ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. 

ഹാദിയയുടെ മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് വിവാഹം നടന്നതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം അസാധുവാക്കിയത്. മുസ്‌ലിം വിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ അമുസ്‌ലിംകളാണെങ്കില്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം നടത്താവുന്നതാണ്. അതിനാല്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ നടന്ന വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവാണെന്നും അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നും പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ നിരവധി പരാമര്‍ശങ്ങളും തനിക്കെതിരേ ഹൈക്കോടതി നടത്തി. ഹാദിയയുടെ അച്ഛന്റെ പരാതി ശരിവയ്ക്കുന്ന വിധത്തിലാണ് കോടതി ഐഎസുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. അതു നീക്കണമെന്നും ഷെഫിന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. 

ഹാദിയ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും ഡോക്ടറുമാണ്. ഇസ്‌ലാമിനെ കുറിച്ച് പഠിച്ചശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് അവള്‍ മതം മാറിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ച ഡിവൈഎസ്പിയുടെ റിപോര്‍ട്ട് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടി.  സ്വകാര്യതപോലും ഹനിക്കുന്ന വിധത്തില്‍ ബന്ധനസ്ഥയാക്കിയ അവരെ മോചിപ്പിക്കണമെന്നും കേസില്‍ ഹാദിയയെ കൂടി കക്ഷിചേര്‍ക്കണമെന്നും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved