Latest News :
Home » , , , » ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊല; പിന്നില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ആരോപണം

ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊല; പിന്നില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ആരോപണം

Written By Muhimmath News on Monday, 31 July 2017 | 11:09

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതിനു പിന്നില്‍ ബി.ജെ.പിയെന്ന ആരോപണവുമായി തോക്കു സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ്. ഫേസ്ബുക്കില്‍ സജീവമായ ഹിമവല്‍ ഭദ്രാനന്ദ് തന്റെ പുതിയ പോസ്റ്റിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണെന്ന് ആരോപിക്കുന്നത്. 

ഒരുകാലത്ത് സംഘ് പരിവാര്‍ വൃത്തങ്ങളുമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹിമവല്‍ ഭദ്രാനന്ദ് പിന്നീട് അവരുമായി അകന്ന ശേഷം സ്വതന്ത്ര നിലപാടുകളാണ് കൈക്കൊള്ളുന്നത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ് ശാഖാ കാര്യവാഹകായ കുന്നില്‍വീട്ടില്‍ രാജേഷിനെ (34) ഒരു സംഘം വെട്ടിക്കൊന്നത്. ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. ഇയാളുടെ ഇടതുകൈ പൂര്‍ണമായും വേര്‍പെട്ടിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ച് മിനുട്ടോളം രക്തം വാര്‍ന്നു കിടന്ന രാജേഷിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ശരീരത്തില്‍ 50 ഓളം വെട്ടുകള്‍ ഏറ്റിരുന്നു. സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ അഴിമതിക്കെതിരെ നിലപാടെടുത്തിരുന്ന 'സേവ് ബി.ജെ.പി ഫോറ'ത്തിന് നേതൃത്വം നല്‍കിയിരുന്നയാളാണ് കൊല്ലപ്പെട്ട രാജേഷ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ബി.ജെ.പിയിലെ അഴിമതി മറയ്ക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഹിമവല്‍ ഭദ്രാനന്ദിന്റെ ആരോപണം. 

കേരള സംസ്ഥാന ബി.ജെ.പിയുടെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല. മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും? എന്നാണ് ഹിമവല്‍ ഭദ്രാനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

രാജേഷിന്റെ മരണമൊഴിയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി സംഘടനകളുമായി അടുത്ത ബന്ധമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved