Latest News :
Home » , » നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം

നടിക്കെതിരെ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം

Written By Muhimmath News on Thursday, 27 July 2017 | 19:04



തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതി മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരത്തെ സ്ത്രീ കൂട്ടായ്മയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി ബി സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

ഒരു മലയാളം വാരികക്ക് അഭിമുഖം നല്‍കുന്നതിനിടയില്‍ സെന്‍കുമാറിന് വന്ന ഫോണ്‍കോളിലാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. വാരിക അത് പ്രസിദ്ധീകരിച്ചില്ലെങ്കിലും ഡിജിപിക്ക് നല്‍കിയ വിശദീകരണത്തില്‍ ഈ വിവാദ പരാമര്‍ശവും ഉള്‍പ്പെട്ടിരുന്നു.

സെന്‍കുമാറിനെതിരായ പരാതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് പൊലീസ് മേധവി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയിരുന്നു.

സെന്‍കുമാറിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് എഡിജിപി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ബി സന്ധ്യ ശുപാര്‍ശ ചെയ്തിരുന്നു.

വാരികയ്ക്ക് നല്‍കിയ ഇതേ അഭിമുഖത്തില്‍ തന്നെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ ഉപാധികളോടെ ജാമ്യം നേടിയെടുത്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved