Latest News :
Home » , » രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ ജനതാദള്‍ (യു) എല്‍ ഡി എഫിലേക്ക്

രാജ്യസഭാ സീറ്റ് ലഭിച്ചാല്‍ ജനതാദള്‍ (യു) എല്‍ ഡി എഫിലേക്ക്

Written By Muhimmath News on Saturday, 29 July 2017 | 12:39

കണ്ണൂര്‍: രാജ്യസഭാ സീറ്റ് ലഭിക്കുകയാണെങ്കില്‍ ജനതാദള്‍ (യു) യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് ചേക്കേറുമെന്ന് സൂചന. ഇത് സംബന്ധിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ ഡി എഫുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. 

മുന്നണി വിടുകയാണെങ്കില്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ എം പി സ്ഥാനം രാജിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യു ഡി എഫിന്റെ പിന്തുണയോടെ ലഭിച്ച രാജ്യസഭാ സീറ്റിന് പകരം സീറ്റ് നല്‍കാന്‍ എല്‍ ഡി എഫ് തയ്യാറാവണമെന്നാണ് ആവശ്യം. എം പി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാറിന് മത്സരിക്കാന്‍ വടകര ലോക്‌സഭാ സീറ്റ് ലഭിക്കുകയും വേണം. ഇതിന് ഇടതുപക്ഷം അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 

പക്ഷെ രാജ്യസഭാ സീറ്റ് നല്‍കേണ്ടത് സി പി എമ്മാണ്. സി പി എമ്മിന് അവകാശപ്പെട്ട സീറ്റ് വിട്ടുനല്‍കാന്‍ അവര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇനി തയ്യാറാകുമോയെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കൂടി അനുകൂല നിലപാട് ഉണ്ടാവുകയാണെങ്കില്‍ എല്‍ ഡി എഫിലേക്ക് പോകാമമെന്നാണ് പാര്‍ട്ടിയുടെ ബഹുഭൂരിഭാഗം നേതാക്കളുടെയും ആഗ്രഹം. 

എന്നാല്‍ മുന്‍ മന്ത്രിയും കണ്ണൂരില്‍ നിന്നുള്ള പ്രമുഖനുമായ കെ പി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാടിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (എസ്)മായി യോജിച്ചുകൊണ്ട് എല്‍ ഡി എഫിലേക്ക് ചേക്കേറാനും ആലോചനയുണ്ട്. ജനതാദള്‍ (എസ്)ന്റെ യോഗം ആഗസ്ത് 2ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തില്‍ മുഖ്യചര്‍ച്ചയും ഇക്കാര്യമായിരിക്കും. 

വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുപക്ഷത്തിലേക്ക് പോകാന്‍ തയ്യാറായാല്‍ കെ പി മോഹനന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചില ജില്ലാ കമ്മിറ്റികളുടെ പിന്തുണയും കെ പി മോഹനന് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ കെ പി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് സൂചന. ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി ബി ജെ പിയോടൊപ്പം പോയ സാഹചര്യത്തില്‍ ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വിഭാഗം കടുത്ത സമ്മര്‍ദ്ദത്തിലാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ടമെന്ന നിലയിലാണ് വീരന്‍പക്ഷം എല്‍ ഡി എഫിലേക്ക് ചായാന്‍ തുടങ്ങുന്നത്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved