Latest News :
Home » , » മാട്ടിറച്ചിയുടെ പേരിലുള്ള കൊല ; മോദി ആഗ്രഹിച്ചാല്‍ അക്രമം നിര്‍ത്താന്‍ കഴിയും: ജുനൈദിന്റെ പിതാവ്

മാട്ടിറച്ചിയുടെ പേരിലുള്ള കൊല ; മോദി ആഗ്രഹിച്ചാല്‍ അക്രമം നിര്‍ത്താന്‍ കഴിയും: ജുനൈദിന്റെ പിതാവ്

Written By Muhimmath News on Saturday, 1 July 2017 | 10:56

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ചാല്‍ മാട്ടിറച്ചിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ ഖാന്‍ പറഞ്ഞു. ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നീ ബീഫ് കഴിക്കുന്ന ആളല്ലേ എന്നു ചോദിച്ചാണ് തന്റെ മകനെ തീവണ്ടിയില്‍ വച്ച് ചിലര്‍ മര്‍ദിച്ചത്. എങ്കിലും അവസാനം ഗോരക്ഷാഗുണ്ടകള്‍ക്കെതിരേ മോദി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് മോദി തന്റെ മകന്റെ കൊലപാതകത്തെ അപലപിക്കാത്തത് ജലാലുദ്ദീന്‍ ചോദിച്ചു. മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള വിദ്വേഷക്കൊലകള്‍ കൂടിവരുകയാണ്. കൊലകള്‍ അവസാനിപ്പിക്കും എന്ന ഒരുറപ്പ് മോദിയുടെ അടുത്തുനിന്നുണ്ടാവുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 

തങ്ങളിപ്പോള്‍ ജീവിക്കുന്നത് ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണ്. ഗ്രാമം വിട്ടു പുറത്തുപോവാന്‍ ഇപ്പോള്‍ ഞങ്ങളുടെ മക്കള്‍ക്കു ഭയമാണ്. തുടര്‍ച്ചയായുണ്ടാവുന്ന ഭീകരസംഭവങ്ങള്‍ അവരുടെ മനസ്സി ല്‍ ഭയം നിറച്ചിട്ടുണ്ട്. ജുനൈദിന്റെ പേര് ഉച്ചരിച്ചില്ല, അവന്റെ ഘാതകര്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞില്ല. അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതെനിക്കൊരു ആശ്വാസമാവുമായിരുന്നു. തൊപ്പിയും താടിയും ധരിച്ച ഒരു മുസ്‌ലിം എങ്ങനെയാണ് രാജ്യത്ത് അക്രമിക്കപ്പെടേണ്ട ഒരു ശത്രുവായി മാറുന്നത്. ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്. പിന്നെ മുസ്‌ലിംകളും. മുസ്‌ലിംകളോടുള്ള മറ്റുള്ളവരുടെ സമീപനത്തില്‍ വൈരം പ്രകടമാണ്. 

തൊപ്പി ധരിച്ച ഞങ്ങളുടെ മക്കളെ അവര്‍ പാകിസ്താനികളാക്കുകയാണ്. ഒരു മകളുടെയോ മകന്റെയോ അകാല വേര്‍പാടിനേക്കാള്‍ വലുതൊന്നും ഒരു പിതാവിനും ഉണ്ടാവാനില്ല. ഈ രാജ്യത്ത് ഇനി മറ്റൊരു ജുനൈദ് ഉണ്ടാവാതിരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ജുനൈദിന്റെ കൊലപാതകത്തിനു ശേഷം ഗ്രാമം വിട്ടു പുറത്തുപോവുന്നവരോട് തൊപ്പിവയ്ക്കരുതെന്ന് വീട്ടുകാര്‍ പറയാറുണ്ടെന്ന് ജലാലുദ്ദീന്റെ ചെറിയ മകന്‍ ഫൈസല്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved