Latest News :
Home » , , » നഴ്‌സുമാരുടെ സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണകൂടം

നഴ്‌സുമാരുടെ സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണകൂടം

Written By Muhimmath News on Sunday, 16 July 2017 | 16:06



കണ്ണൂര്‍: ജില്ലയില്‍ 18 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത്. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിംഗ് കോളേജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരേയും സമരം നടക്കുന്ന ആശുപത്രികളിലേക്ക് ജോലിക്കായി വിന്യസിക്കണമെന്നും നിര്‍ദേശിച്ച് ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

അടിയന്തരസാഹചര്യം നേരിടുവാന്‍ നഴ്‌സുമാര്‍ സമരം നടത്തുന്ന ആശുപത്രികള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് അയക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. എട്ട് നഴ്‌സിംഗ് കോളേജുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹന സൗകര്യവും ശമ്പളവും ആശുപത്രി മാനേജ്‌മെന്റ് നല്‍കണം. കുട്ടികള്‍ കോളേജില്‍ നിന്ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കണം. ആശുപത്രികള്‍ക്കും പോലീസ് സംരക്ഷണം നല്‍കണം. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്.

നഴ്‌സുമാര്‍ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും ഉത്തരവില്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ സംഘര്‍ഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടര്‍മാര്‍ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.

അതേസമയം ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക വിവരമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈയില്‍ രോഗികളെ ഏല്‍പിക്കുന്നത് അപകടകരമായിരിക്കുമെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പഠിക്കുന്ന വിദ്യാര്‍ഥികളെ പണിക്കിറക്കി സമരം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് കാത്തു നില്‍ക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ നഴ്‌സുമാര്‍ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. കുട്ടികളെ വച്ചു രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാകൃതമായ നടപടിയിലെ അപകടം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 17000 രൂപ വരെ നല്‍കണമെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. കൊയിലി, അശോക, ധനലക്ഷ്മി, ആശീര്‍വാദ്, കിംസ്റ്റ്, സ്‌പെഷ്യാലിറ്റി, പയ്യന്നൂരിലെ സബ, അനാമിക, തളിപ്പറമ്പിലെ ലൂര്‍ദ് എന്നിങ്ങനെ ഒമ്പത് ആശുപത്രികളിലാണ് കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ സമരമുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved