Latest News :
Home » , » കുറ്റിക്കോലില്‍ കാര്‍ തടഞ്ഞ് വധശ്രമം; സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

കുറ്റിക്കോലില്‍ കാര്‍ തടഞ്ഞ് വധശ്രമം; സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

Written By Muhimmath News on Wednesday, 5 July 2017 | 19:09



കുറ്റിക്കോല്‍: കാര്‍ തടഞ്ഞ് നിര്‍ത്തി യുവാവിനെ വധിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച കുടുംബാംഗങ്ങളെ അക്രമിക്കുകയും ചെയ്ത കേസില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീ സ് അറസ്റ്റ് ചെയ്തു.

മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും നിലവില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ സി കെ മുനീര്‍, സി പി എം പ്രവര്‍ത്തകരായ റഫീഖ്, ആലൂരിലെ സൈനുദ്ദീന്‍, അസറുദ്ദീന്‍ എന്നിവരെയാണ് ബേഡകം പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഷംസാദ് എന്നയാളെ തെരയുന്നതായി പൊലീസ് പറഞ്ഞു.

കുറ്റിക്കോലിലെ കെ അബ്ദുള്‍ നാസറും കുടുംബവുമാണ് അക്രമത്തിന് ഇരയായത്. രണ്ടര മാസം മുമ്പ് കുറ്റിക്കോല്‍ പള്ളത്തുംപാറ, ഭജന മന്ദിരത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. വാഹനത്തിലെത്തിയ മുനീറും സംഘവും അബ്ദുള്‍ നാസറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ നാസറിന്റെ ഭാര്യക്കും മറ്റും പരിക്കേറ്റിരുന്നു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു.

പത്ത് ലക്ഷം രൂപ കൈപ്പറ്റിയാണ് സി പി എം നേതാവിന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയ ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുന്നു. പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഉന്നത സമ്മര്‍ദ്ദം മൂലമാണ് അറസ്റ്റ് വൈകിയതെന്നും ആക്ഷേപമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ട്. ഇതേക്കുറിച്ച് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ രാത്രി അറസ്റ്റിലായ പ്രതികളെ തിരക്കു പിടിച്ച് കോടതിയില്‍ ഹാജരാക്കിയതായും ആക്ഷേപമുണ്ട്. ക്വട്ടേഷന്‍ അക്രമത്തില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റിലായത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അറസ്റ്റിലായവര്‍ക്കെതിരെ ഉടന്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved