Latest News :
Home » , » മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ഇതിനകം കോടതിയില്‍ ഹാജരായത് 90 പേര്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: ഇതിനകം കോടതിയില്‍ ഹാജരായത് 90 പേര്‍

Written By Muhimmath News on Wednesday, 5 July 2017 | 10:53

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത് 90 പേര്‍. ചൊവ്വാഴ്ച 12 പേര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കി. കോടതി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഹാജരായത്. 

പ്രവാസികളുടെയും പരേതാത്മാക്കളുടെയും കള്ളവോട്ട് ചെയ്താണ് യുഡിഎഫ് വിജയിച്ചതെന്ന് ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ 254 പേരുടെ ലിസ്റ്റാണ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ചത്. ഇതില്‍ ആറുപേര്‍ പരേതാത്മാക്കളാണെന്നാണ് ഇദ്ദേഹം ആരോപിച്ചത്. എന്നാല്‍, ഇതില്‍ അഞ്ചുപേരെ ജീവിച്ചിരിക്കുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. 

തങ്ങള്‍ പ്രവാസികളല്ലെന്നും സമ്മതിദാനാവകാശം സ്വയം വിനിയോഗിച്ചതാണെന്നും കോടതിയില്‍ ഹാജരായ ഭൂരിഭാഗം പേരും ബോധിപ്പിച്ചു. ഇന്നലെ ഹാജരായ 12 പേരും നാട്ടില്‍തന്നെ ജോലി ചെയ്യുന്നവരാണ്. പെര്‍ള സ്വദേശികളായ അബ്ദുന്നാസര്‍, മുഹമ്മദ് ഇഖ്ബാല്‍, ഹസീന സഫുവാന്‍, മുഹമ്മദ് ബഷീര്‍, അബ്ദുല്‍ബഷീര്‍, നഫീസ, നഫീസത്ത് സമീമ എന്നിവരും മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള സ്വദേശികളായ അബ്ദുര്‍റഹ്മാന്‍, മൈമൂന, ഇബ്രാഹിം തുടങ്ങിയവരാണ് ഇന്ന് കോടതിയില്‍ ഹാജരായി തങ്ങളുടെ സത്യാവസ്ഥ ബോധിപ്പിച്ചത്. 

ഇതിനകം 76 പേര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. നാലുപേര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. വോട്ടെടുപ്പിന് ശേഷം മരണപ്പെട്ട നാലുപേരുടെ മരണ സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവായ ബന്തിയോട്ടെ അഷ്‌റഫ് അടക്കം മൂന്നുപേര്‍ തങ്ങളുടെ വോട്ട് കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് കോടതിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. വിചാരണ വ്യാഴാഴ്ച പുനരാരംഭിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved