Latest News :
Home » , » നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

Written By Muhimmath News on Monday, 17 July 2017 | 12:23

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഡ്വ രാജു ജോസഫില്‍ നിന്നാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്. 

കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് അഡ്വ രാജു ജോസഫ്. എന്നാല്‍ പിടിച്ചെടുത്ത കാര്‍ഡില്‍ നിലവില്‍ ദൃശ്യങ്ങളില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൂടുതല്‍ പരിശോധനക്കായി മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 

പ്രതീഷ് ചാക്കോയ്ക്ക് മെമ്മറി കാര്‍ഡ് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂനിയറായ രാജുവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കേസിലെ ഗൂഢാലോചന തെളിയിക്കാനും പ്രതികളുടെ ബന്ധം കൂട്ടിയിണക്കാനും ഏറ്റവും നിര്‍ണായക തെളിവാണ് മെമ്മറി കാര്‍ഡ്.

 ദിലീപിന് അഡ്വ പ്രതീഷ് ചാക്കോയെ പരിചയമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ദിലീപിന് കൈമാറാനാണ് മെമ്മറി കാര്‍ഡ് സുനി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. മറ്റൊരു നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കൂടി കണ്ടെടുത്താല്‍ കോടതി മുമ്പാകെ പോലീസിന് ശക്തമായി വാദം ഉന്നയിക്കാന്‍ കഴിയും. 

അതിനിടെ, നടിയെ ആക്രമിച്ച സംഭവത്തില്‍ എം എല്‍ എമാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞൈടുപ്പിന് വോട്ടു ചെയ്യാന്‍ തിരുവനന്തപുരത്തായതിനാല്‍ ഇരുവരെയും അവിടെ വെച്ചാണ് പോലീസ് മൊഴിയെടുക്കുക. സംഭവം നടന്നത് ആദ്യമറിഞ്ഞവരില്‍ ഒരാളാണ് പി ടി തോമസ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved