Latest News :
Home » » മൊഗ്രാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് വര്‍ഷങ്ങളായി: നന്നാക്കാന്‍ നടപടിയില്ല

മൊഗ്രാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് വര്‍ഷങ്ങളായി: നന്നാക്കാന്‍ നടപടിയില്ല

Written By Muhimmath News on Saturday, 29 July 2017 | 17:57



മൊഗ്രാല്‍: ദേശീയപാതയിലുള്ള മൊഗ്രാല്‍ പാലത്തിന്റെ കൈവരികള്‍ കാലപ്പഴക്കം മൂലം അടര്‍ന്നു വീഴാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.

കൈവരികള്‍ തകരുന്നത് യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയായ കാര്യം നിരവധി തവണ സന്നദ്ധ സംഘടനകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങുന്നില്ലെന്നാണ് ആക്ഷേപം. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള കൈവരികളാണ് തകര്‍ന്നു വീണു കൊണ്ടിരിക്കുന്നത് കോണ്‍ക്രീറ്റ് ഭീമുകള്‍ കൊണ്ടുള്ള വേലിയാണ് പാലത്തിന്റെ ഇരുവശവും സ്ഥാപിച്ചിട്ടുള്ളത്. ഇരുമ്പുകമ്പികള്‍ തുരുമ്പിച്ചു ദ്രവിച്ചതിനെ തുടര്‍ന്നാണ് കൈവരികള്‍ തകര്‍ന്നു വീഴാന്‍ തുടങ്ങിയത്. പാലം നിര്‍മ്മിച്ചതിനു ശേഷം ഇത് വരെ യാതൊരു വിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 50 വര്‍ഷം പഴക്കമുള്ളതാണ് മൊഗ്രാല്‍ പാലം.

പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും നെഞ്ചില്‍ തീയാളുകയാണ്. കൈവരി തകര്‍ന്നത് കാരണം യാത്രക്കാരുടെ ഭീതി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടെ ജില്ലയിലെ ദേശീയപാതയിലെ മറ്റു ഭാഗങ്ങളില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊഗ്രാല്‍ പാലത്തിന്റെ കൈവരികള്‍ മാറ്റി പുതിയ കൈവരികള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അപകടങ്ങള്‍ വരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടാണത്രെ അധികൃതരുടേത് എന്നാണ് നാട്ടുകാരുടെ പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved