Latest News :
...
Home » , , » മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ കെ അബ്ദുല്ലക്കുഞ്ഞിയും 250 പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഎമ്മിലേക്ക്

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ കെ അബ്ദുല്ലക്കുഞ്ഞിയും 250 പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഎമ്മിലേക്ക്

Written By Muhimmath News on Monday, 3 July 2017 | 18:03

കാസര്‍കോട്: മുസ്ലിം ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്ല കുഞ്ഞി, മുന്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം.എ ഉമ്പു മുന്നൂര്‍ എന്നിവര്‍ 250 ഓളം സഹപ്രവര്‍ത്തകരോടൊപ്പം മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ അഞ്ചിന് വൈകുന്നേരം നാലു മണിക്ക് കുമ്പള ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയിലേക്ക് ഇവരെ സ്വീകരിക്കും. അടുത്തകാലത്തായി കേന്ദ്രഭരണത്തിന്റെ പിന്തുണയോടുകൂടി രാജ്യത്താകെ അക്രമോല്‍സുകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരായി ഒരക്ഷരം ഉരിയാടാത്തപാര്‍ട്ടിയായി മുസ്ലിംലീഗ് മാറിയിരിക്കുകയാണെന്ന് കെ കെ അബ്ദുല്ലക്കുഞ്ഞി കുറ്റപ്പെടുത്തി.

യു പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെയും രാജസ്ഥാനില്‍ ബാഹ്ലുഖാനെയും ഹരിയാനയില്‍ പതിനഞ്ചുകാരനായ മദ്രസ വിദ്യാര്‍ത്ഥി ജുനൈദിനെയും നിഷ്ട്ടൂരമായി കൊലനടത്തിയപ്പോള്‍ സമുദായത്തിന്റെ രക്ഷകരായി സ്വയം നടിക്കുന്ന ലീഗ് ഒരുപ്രതികരണവും നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ചൂരിയില്‍ റിയാസ് മൗലവിയെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ലീഗിന്റെ ഭാഗത്തുനിന്നും ഒരുപ്രതികരണവും ഉണ്ടായില്ല. കഴിക്കുന്ന ഭക്ഷണത്തില്‍ ഫാസിസ്റ്റു ഭരണകൂടം ഇടപെടുകയും ബീഫ് കഴിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തപ്പോഴും ലീഗിന് ഇതിനെതിരായി ഒരു പ്രതിരോധവും തീര്‍ക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണശേഷി നഷ്ട്ടപ്പെട്ട നേതാക്കളുടെ സങ്കുചിത സാമ്പത്തിക താല്‍പര്യം മാത്രം ലക്ഷ്യമിട്ട മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച് കൂട്ടത്തോടെ അണികള്‍ കൊഴിഞ്ഞുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വം ഒരുസംഘം മാഫിയകളുടെ കൈയ്യിലാണ് ഇപ്പോഴുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ അണികളുമായി ഒരു ബന്ധവുമില്ലാത്തവരാണ് ഇപ്പോഴത്തെ നേതൃത്വം. സംഘടന തിരഞ്ഞെടുപ്പിന്റെ മറവില്‍ സമ്പന്നരെയും മണല്‍മാഫിയ തലവന്മാരെയും നേതൃത്വത്തില്‍ തിരുകി കയറ്റാനാണ് ജില്ലാ ലീഗ് നേതൃത്വം ശ്രദ്ധിച്ചിരിക്കുന്നതെന്നും കെ.കെ കുറ്റപ്പെടുത്തി.

ദീര്‍ഘകാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാക്കളെ ഒതുക്കി പുത്തന്‍ പണക്കാര്‍ ലീഗ് നേതൃത്വം കൈയ്യടക്കിയപ്പോള്‍ അണികള്‍ ഇതിനെതിരായി കലാപം നടത്തികൊണ്ടിരിക്കുയാണ്. പരമ്പരാഗത ലീഗ് ശക്തികേന്ദ്രങ്ങളെല്ലാം ഇപ്പോള്‍ മുരടിപ്പിന്റെയും നിസ്സംഗതയുടെയും താവളങ്ങളാണ്. അതുകൊണ്ടാണ് ലീഗിനോട് വിടപറഞ്ഞ് മതേതരനിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്ന സി പി എമ്മില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗ്ഗീയഫാസിസത്തിനെതിരായി ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇന്ന് ഇന്ത്യയില്‍ സി പി എമ്മെന്ന തിരിച്ചറിവ് മുസ്ലിം സമുദായത്തില്‍ വ്യാപകമായുണ്ടെന്നും അദ്ദേഹം പറയുന്നു.

മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ചു സി പി എമ്മില്‍ ചേരുന്ന നേതാക്കള്‍:
കെ. കെ അബ്ദുല്ല കുഞ്ഞി

പത്തുവര്‍ഷം മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി, ഐ യു എം എല്‍ മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി, നാലുവര്‍ഷം ഐ യു എം എല്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി, എം എസ് എഫ് താലൂക്ക് വൈസ് പ്രസിഡണ്ട്, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്, ഒമ്പതു വര്‍ഷം ഐ യു എം എല്‍ സംസ്ഥാന കൗണ്‍സിലര്‍, മുസ്ലിം യൂത്ത് ലീഗ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

എം എ ഉമ്പു മുന്നൂറ്

മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് കൗണ്‍സിലര്‍, മുസ്ലിം ലീഗ് പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ട്രഷറര്‍ എന്നീ നിലകളില്‍ തുടര്‍ച്ചയായി ഇരുപത്തിരണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ സഫിയ ഉമ്പു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആയിരുന്നു.

മുഹമ്മദ് ചിതൂര്‍

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലറും ലീഗ് സജീവ പ്രവര്‍ത്തകനും

മുസ്തഫ ഉപ്പള

നിലവില്‍ മുസ്ലിംലീഗ് മംഗല്‍പാടി പഞ്ചായത്ത് കൗണ്‍സിലര്‍, മുന്‍ ലീഗ് മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved