Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , » ഭയപ്പെടുത്തി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം: പാണക്കാട് ഹൈദരലി തങ്ങള്‍

ഭയപ്പെടുത്തി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം: പാണക്കാട് ഹൈദരലി തങ്ങള്‍

Written By Muhimmath News on Monday, 3 July 2017 | 10:54

കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതരെയും ഭയപ്പെടുത്തി ഉന്മൂലനം ചെയ്യാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച 'ന്യൂനപക്ഷദലിത് പീഡനത്തിനെതിരേ പ്രതിഷേധ സംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ അഭിമാനമായ നാനാത്വത്തില്‍ ഏകത്വം നശിപ്പിച്ച് ജനങ്ങളില്‍ ഭിന്നത വളര്‍ത്താനാണ് നരേന്ദ്ര മോദി സര്‍ക്കാരും സംഘപരിവാരവും ശ്രമിക്കുന്നത്. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശഹത്യയെ വേണ്ടത്ര ഗൗനിക്കാന്‍ രാജ്യത്തെ മതേതര കക്ഷികള്‍ക്കായോ എന്നു നാം ആത്മപരിശോധന നടത്തണം. വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും പിന്നീട് തുടര്‍ക്കഥകളായി. പിന്നില്‍ സംഘപരിവാരമാണെന്നു വ്യക്തമായപ്പോഴേക്കും അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതും ജയിലിലായതും ന്യൂനപക്ഷങ്ങളില്‍പ്പെട്ട യുവാക്കളായിരുന്നു. 

2014ല്‍ കേവലം 31 ശതമാനം വോട്ടുകള്‍ നേടി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പകരം വൈകാരിക വിഷയങ്ങളെ പുറത്തെടുത്തതോടെയാണ് ഇപ്പോഴത്തെ ഭീതിദമായ അവസ്ഥയുണ്ടായത്. ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും തൊഴിലില്ലായ്മക്കുമെതിരേ നടപടികള്‍ എടുക്കുന്നതിനു പകരം ഏക സിവില്‍കോഡ്, രാമക്ഷേത്ര നിര്‍മാണം, ഗോവധ നിരോധനം തുടങ്ങിയ വിഷയങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തപ്പോള്‍ രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെ ഭരണകൂട സാധ്യതകളാണ് അവര്‍ പരീക്ഷിച്ചതെന്നും തങ്ങള്‍ പറഞ്ഞു. മാട്ടിറച്ചി നിരോധനത്തിനു മൃഗസംരക്ഷണ നിയമം ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ശ്രമം. 

പരമ്പരാഗതമായി മാടുകളുടെ തോലുരിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദലിതുകള്‍ മോദിയുടെ ഗുജറാത്തില്‍ ഉള്‍െപ്പടെ വേട്ടയാടപ്പെട്ടു. ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുമ്പ് 15കാരനായ ഹാഫിള് ജുനൈദിനെ ട്രെയിന്‍ യാത്രക്കിടെ തല്ലിക്കൊന്നതു യാതൊരു കാരണവും ഇല്ലാതെയാണ്. കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറും വെടിയേറ്റു മരിച്ചതില്‍ സാമ്യതയുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ നിസ്സാരമല്ല. പട്ടാളക്കാരന്റെ പിതാവായ അഖ്‌ലാഖും വിദ്യാര്‍ഥിയായ ജുനൈദും ഉള്‍പ്പെടെ ഇറച്ചിയുടെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ക്കും സാമ്യതകളുണ്ട്. 

പശുവിന്റെ പേരില്‍ നടന്ന കൊലപാതക പരമ്പരകള്‍ കാരണം ലോകത്തിനു മുമ്പില്‍ നമ്മുടെ രാജ്യം നാണം കെട്ടപ്പോള്‍ വിദേശ യാത്രകളില്‍ ആനന്ദം കൊള്ളുന്ന പ്രധാനമന്ത്രി മോദിക്കു പോലും പ്രതികരിക്കേണ്ടിവന്നു. അതിനു ശേഷവും ജാര്‍ഖണ്ഡില്‍ ആലിമുദ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടതും വീടുകള്‍ അഗ്‌നിക്കിരയാക്കിയതും നാം കണ്ടു. 

18നു പാര്‍ലമെന്റിനു മുമ്പില്‍ സമാനമനസ്‌കരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. 

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതിഷേധ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, എം കെ മുനീര്‍ എംഎല്‍എ, കെ പി എ മജീദ്, എം പി അബ്ദുസ്സമദ് സമദാനി, കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം, ജുനൈദിന്റെ സൃഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീന്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി രാമഭദ്രന്‍ (പ്രസിഡന്റ്, കേരള ദലിത് ഫെഡറേഷന്‍), പി കെ കെ ബാവ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved