Latest News :
Home » , , » കുമ്മനത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു;ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

കുമ്മനത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു;ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

Written By Muhimmath News on Friday, 28 July 2017 | 12:36

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സിപിഎംബിജെപി സംഘര്‍ഷം. ബിജെപി സംസ്ഥാന കാര്യാലയത്തിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. കൂടാതെ നിരവധി സിപിഎം,ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കാഴ്ച്ചക്കാരാക്കിയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. 

കുമ്മനത്തിന്റെ കാര്‍ അടക്കം ആറോളം വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ബിജെപി കുറ്റപ്പെടുത്തി. 

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജെപി അവകാശപ്പെട്ടു.

അതേസമയം, ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. പുലര്‍ച്ചെ 3.30ഓടെയാണ് തിരുവനന്തപുരം മരുതംകുഴിയിലുള്ള വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന് നേരെ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍പെട്ട ബിജെപി ചര്‍ച്ചകളുടെ ദിശമാറ്റുന്നതിനായി നടത്തുന്ന ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കേന്ദ്ര നേതാക്കള്‍ക്കുമുന്നില്‍ മുഖം രക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇത്. ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ടു മുതലാണ് തലസ്ഥാനത്തു സംഘര്‍ഷം രൂക്ഷമായത്. മണക്കാട് ബിജെപിസിപിഎം സംഘര്‍ഷത്തോടെയാണ് വ്യാപക ആക്രമണത്തിന് തുടക്കമായത്. ബിജെപി കൊടിമരം തകര്‍ക്കപ്പെട്ട ഇവിടെ ഒരു ബിജെപി നേതാവിന് വെട്ടേറ്റു. പിന്നാലെ സിപിഎം  നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.

തലസ്ഥാനം കനത്ത ജാഗ്രതയിലാണ്. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved