Latest News :
Home » , , » മഅ്ദനി വിഷയത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മഅ്ദനി വിഷയത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Written By Muhimmath News on Wednesday, 2 August 2017 | 18:59

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരള യാത്രയുടെ അനിശ്ചിതത്വം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഡിപി നേതാവ് പൂന്തുറ സിറാജാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്.

മഅ്ദനിയുടെ യാത്രയുടെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം നല്‍കാന്‍ പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്നു രാവിലെ എത്തിയിരുന്നു. മറ്റു തിരക്കുകള്‍ കാരണം മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ലെന്നും ഫോണില്‍ സംസാരിച്ചപ്പോഴാണ് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്കിയതെന്നും പൂന്തുറ സിറാജ് പറഞ്ഞു. നിവേദനം പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനു കൈമാറാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ കര്‍ണ്ണാടക സര്‍ക്കാറിനു കത്തയക്കുമെന്നും മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സിറാജ് പറഞ്ഞു.

അതേസമയം സുപ്രീംകോടതി അനുമതി നല്‍കിയിട്ടും കര്‍ണ്ണാടക തടസ്സം നില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മഅ്ദനി തീരുമാനിച്ചു. ഇതു സംബന്ധിച്ച് സുപ്രീംകോടതിയെ നാളെ സമീപിക്കുമെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. മാതാവിനെ കാണാനും തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് സുപ്രീംകോടതി മഅ്ദനിക്കു അനുമതി നല്‍കിയത്. എന്നാല്‍ മഅ്ദനിയുടെ സുരക്ഷയ്ക്ക് വന്‍ തുക വേണ്ടിവരുമെന്നും 14,79,875 രൂപ അടക്കണമെന്നുമാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട്. എന്നാല്‍ തനിക്ക് ഇത്രയും വലിയ തുക ചെലവഴിക്കാന്‍ കഴിയില്ലെന്നും തുക കുറയ്ക്കണമെന്നുമാണ് മഅ്ദനിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ നാളെ സുപ്രീംകോടതിയെ അറിയിക്കുമെന്നും മഅ്ദനി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കേരള യാത്ര തടസ്സപ്പെടുത്താനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മഅ്ദനി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved