Latest News :
Home » » സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; കലക്ട്രേറ്റ് ധര്‍ണ തിങ്കളാഴ്ച

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; കലക്ട്രേറ്റ് ധര്‍ണ തിങ്കളാഴ്ച

Written By Muhimmath News on Saturday, 12 August 2017 | 11:47

കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസുകള്‍ 18ന് സര്‍വീസ് നടത്തില്ലെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍.

 വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 

ഇതേ ആവശ്യങ്ങളുന്നയിച്ച് ജനുവരി 24ന് നടത്തിയ സര്‍വീസ് നിര്‍ത്തിവെക്കല്‍ സമരത്തെ തുടര്‍ന്ന് 27ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം 55 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചേസിസിന് മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു ലക്ഷം രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 

ബസുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 14ന് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി. മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറി കെ. ശങ്കര നായക്, കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved