Latest News :
...
Home » , , » ജില്ലയില്‍ 400 യൂണിറ്റ് സമ്മേളനങ്ങള്‍; എസ്.വൈ.എസ് ജില്ലാതല പ്രഖ്യാപന സമ്മേളനം 5ന് കാഞ്ഞങ്ങാട്ട്

ജില്ലയില്‍ 400 യൂണിറ്റ് സമ്മേളനങ്ങള്‍; എസ്.വൈ.എസ് ജില്ലാതല പ്രഖ്യാപന സമ്മേളനം 5ന് കാഞ്ഞങ്ങാട്ട്

Written By Muhimmath News on Thursday, 3 August 2017 | 21:07

കാഞ്ഞങ്ങാട്: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലയില്‍ 400 കേന്ദ്രങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളുടെ ജില്ലാതല പ്രഖ്യാപനം ഈ മാസം അഞ്ചിന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കും. യൂണിറ്റുകളെ പ്രതീനിധീകരിച്ച് 800 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയാകാന്‍ നൂറു കണക്കിനു പ്രവര്‍ത്തകര്‍ എത്തിച്ചേരും.

ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മടിക്കൈ അബ്ദുല്ല ഹാജി യൂത്ത് സ്‌ക്വയറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടക്കും.

സമ്മേളനം കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സമസ്ത കേന്ദ്ര മുശാവറാ ഉപാധ്യക്ഷന്‍ എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ 400 സമ്മേളനങ്ങളിലും ഉയര്‍ത്താനുള്ള പതാക യൂണിറ്റ് പ്രസിഡന്റുമാര്‍ക്ക് കൈമാറും.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയാണ് ഓണ്‍ലൈന്‍ വഴി സമ്മേളനം പ്രഖ്യാപിക്കുന്നത്. ഈ സമയം ജില്ലയിലെ 400 യൂണിറ്റുകളിലെയും സമ്മേളന തിയ്യതിയും സ്ഥലവും യൂണിറ്റ് സെക്രട്ടറിമാര്‍ ഒന്നിച്ച് ഉയര്‍ത്തിക്കാട്ടും. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി മുഖ്യ പ്രഭാഷണം നടത്തും.

സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സാഅദി ആരിക്കാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മദനി ഹമീദ് കാഞ്ഞങ്ങാട്, അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാനത്ത് 6000 യൂണിറ്റുകളില്‍ യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനങ്ങളുടെ നഗരിക്ക് നാമകരണം നല്‍കിയത് യൂത്ത് സക്വയര്‍ എന്നാണ്. യുവ സമൂഹത്തെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സക്രിയമാക്കുകയും സാമൂഹിക തിന്‍മകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയുമാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്.

സമ്മേളന മുന്നോടിയായി ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതി നടപ്പിലാക്കും. വിരുന്ന്, കുടുംബ സംഗമം, ആരവം, സാന്ത്വന ദിനം, സാന്ത്വനം ക്ലീനിക്, ശുചിത്വം ദിനം, ഖാഫിലത്തുദ്ദഅ്‌വ, പൈതൃക സംഗമം, യുവസഭ, എജ്യു മീറ്റ്, വായനാ മത്സരം, നാട്ടുണര്‍വ്വ് തുടങ്ങിയവയിലൂടെ സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, പ്രായം ചെന്നവര്‍ തുടങ്ങി സമൂഹത്തിന്റെ സര്‍വ്വ തലത്തിലുള്ളവരുമായി സംവദിക്കും. ആധുനിക സംവിധാനം വഴി കാന്തപുരം എ പി അബൂബക്കര്‍ മുസിലിയാര്‍ സംസ്ഥാനത്തെ ആറായിരം സമ്മേളനങ്ങളിലും പ്രവര്‍ത്തകരെ ആശിര്‍വ്വദിക്കും.

പത്ര സമ്മേളനത്തില്‍ അശ്‌റഫ് കരിപ്പോടി (ജില്ലാ സെക്രട്ടറി), മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മൗലവി കൊളവയല്‍, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, മുഹമ്മദ് കുഞ്ഞി ഹാജി ആറങ്ങാടി, അബദുസത്താര്‍ പഴയ കടപ്പുറം, ബശീര്‍ മങ്കയം എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved