Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന് പരാതിപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന് പരാതിപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Written By Muhimmath News on Monday, 18 September 2017 | 12:35

കോഴിക്കോട്: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് അഴീക്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പരാതി നല്‍കിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അഴീക്കോട് പഞ്ചായത്തിലെ വൈസ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായ നൗഷാദ് പൂതപ്പാറയെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി പുറത്താക്കിയത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം നൗഷാദ് പൂതപ്പാറ സ്ഥിരീകരിച്ചു. തനിക്ക് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ചന്ദ്രികയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി നികേഷ്‌കുമാറിനൊപ്പം ചേര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയ്‌ക്കെതിരെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയതാണ് പുറത്താക്കാന്‍ കാരണമെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അഴീക്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു നൗഷാദ് ആരോപിച്ചത്. എന്നാല്‍ ആരോപണം തള്ളി കെ.എം ഷാജി എം.എല്‍.എ രംഗത്തുവന്നിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ തെളിവു നല്‍കണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറുകയാണ് ചെയ്യേണ്ടതെന്നും ഷാജി വെല്ലുവിളിച്ചിരുന്നു.

2014ലാണ് പ്ലസ് ടു അനുവദിച്ചത്. അഴിമതി പുറത്തുവരുന്നത് 2017ലാണെന്നും അഴിമതിക്കെതിരെ ശബ്ദിക്കാന്‍ എന്തേ ഇത്ര താമസമെന്നും ഷാജി ചോദിച്ചിരുന്നു.
2014ല്‍ പ്ലസ് ടു അനുവദിച്ചെങ്കിലും അതിനേ തുടര്‍ന്നുള്ള പോസ്റ്റു ക്രിയേഷന്‍ പോലുള്ള കാര്യങ്ങള്‍ ഇപ്പോഴാണ് നടന്നതെന്നുമാണ് നൗഷാദ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved