Latest News :
Home » , , » ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ നടന്ന ആദ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധ കൂട്ടായ്മ

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ നടന്ന ആദ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധ കൂട്ടായ്മ

Written By Muhimmath News on Saturday, 16 September 2017 | 12:26

എറണാകുളം: ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചതിന്റെയും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതിന്റെയും പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങി എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. 

അമ്പതിലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധമറിയിക്കാന്‍ എത്തിയത്. വിവിധ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരും കൂട്ടായ്മയില്‍ പങ്കെടുത്തു. മനുഷ്യാവകാശം മൗലികാവകാശം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത്.

ഹാദിയയെ മോചിപ്പിക്കണമെന്ന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍; ഹാദിയയ്ക്കു വേണ്ടി കേരളത്തില്‍ നടന്ന ആദ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധ കൂട്ടായ്മ

വിദ്യാര്‍ത്ഥികളായ നിമ്മി എസ്, ഫുവാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇവിടെയുള്ള മതേതരവാദികളും പുരോഗമനവാദികളും ഒന്നും തന്നെ ഹാദിയ വിഷയത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടില്ല. ജനാല തുറന്ന് പുറം കാഴ്ചകള്‍ കാണാനുള്ള അവകാശം പോലും ലംഘിക്കപ്പെട്ടു, രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ക്ക് ഹാദിയയെ സന്ദര്‍ശിക്കാമെങ്കിലും ഹാദിയയെ കാണാന്‍ ചെന്ന ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു നിമ്മി പറഞ്ഞു. കോടതികള്‍ അങ്ങേയറ്റം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വ്യവസ്ഥിതിയായി മാറിക്കഴിഞ്ഞു. ഷെഫിന്‍ മുഹമ്മദിന്റെ പേരിലുള്ള കേസുകള്‍ ഷഫിന്‍ ജഹാന്റെ പേരിലേക്ക് മാറ്റി ഷഫിന്‍ ജഹാനെ ഇരപ്പെടുത്താനുള്ള കളികളാണ് കേരളാ പോലീസ് ഇപ്പോള്‍ നടത്തുന്നത് എന്നും ഫുവാദ് പറഞ്ഞു. ഇപ്പോഴും ഹാദിയയെപ്പറ്റി അറിവില്ലാത്ത വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ക്യാംപസില്‍ ഉണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഓഗസ്റ്റ് 30ന് വൈക്കം ടിവി പുരത്തെ ഹാദിയയുടെ വീട്ടില്‍ ഹാദിയയെ സന്ദര്‍ശിക്കാന്‍ ചെന്ന ആറ് പെണ്‍കുട്ടികളെ പ്രതിനിധീകരിച്ച് മാധ്യമപ്രവര്‍ത്തക മൃദുല ഭവാനി സംസാരിച്ചു. കേരളം അയിത്തം പാലിക്കുന്ന ഒരു കേസാണ് ഹാദിയയുടേത് എന്ന് മൃദുല പറഞ്ഞു. എറണാകുളം ലോ കോളേജിലെ അംബേദ്കര്‍ സ്റ്റഡീസ് സര്‍ക്കിള്‍ അംഗങ്ങളായ പ്രദീപ്, രാമചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

ഹാദിയയുടെ കേസില്‍ പ്രതീക്ഷ നല്‍കേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനം നിരാശപ്പെടുത്തുന്നു. കാവിയണിഞ്ഞ പൊലീസുകാര്‍ ഹാദിയയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് ഓരോരുത്തരും തിരിച്ചറിയണം. സംസാരിക്കുന്നവരുടെ നാക്ക് വെട്ടുന്ന ഭരണകൂടത്തോട് ശക്തമായി പ്രതികരിക്കണം. പൂര്‍വ്വികര്‍ സമരങ്ങളിലൂടെ നേടിയെടുത്തസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് അനുവദിക്കാനാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

ഹാദിയയെ വീട്ടുതടങ്കലിലാക്കിയ മാതാപിതാക്കളില്‍ നിന്നും ഹാദിയയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കോളേജ് ഗേറ്റിന് മുന്നില്‍ ഒത്തു ചേരാന്‍ തീരുമാനിച്ചത്. മുറിക്കകത്തു പോലും ഹാദിയ പോലീസ് കാവലിലായിരിക്കെ ജയിലില്‍ തന്നെയാണ് ഹാദിയ എന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved