Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » റിയാസ് മൗലവി വധക്കേസ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി: കുറ്റപത്രം ഒക്ടോബര്‍ 17ന് വായിച്ചുകേള്‍പ്പിക്കും

റിയാസ് മൗലവി വധക്കേസ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി: കുറ്റപത്രം ഒക്ടോബര്‍ 17ന് വായിച്ചുകേള്‍പ്പിക്കും

Written By Muhimmath News on Friday, 22 September 2017 | 11:27
























കാസര്‍കോട്: പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസാധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. 

കോടതിയില്‍ ഹാജരാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ് (20), നിധിന്‍ (20), അഖിലേഷ് എന്ന അഖിലു (25) എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് ജില്ലാ സെഷന്‍സ് കോടതി നീട്ടിയത്. 

പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണ് ഉള്ളത്. ഐപിസി 449 (അനധികൃതമായി അതിക്രമിച്ചു കയറല്‍), ഐപിസി 302(കൊലപാതകം), ഐപിസി 293 (ആരാധനാലയം മലിനമാക്കല്‍), 201 (തെളിവുകള്‍ നശിപ്പിക്കല്‍) 153എ (വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. 

വിചാരണ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി ജുമാ മസ്ദിജില്‍ വച്ചാണ് റിയാസ് മൗലവിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊല്ലുന്നത്. മാര്‍ച്ച് 23ന് അറസ്റ്റ് ചെയ്ത പ്രതികളെ 24ന് റിമാന്‍ഡ് ചെയ്തു.

അതിനിടെ, കേസില്‍ പ്രതികള്‍ക്കുള്ള കുറ്റപത്രം ഒക്ടോബര്‍ 17ന് വായിച്ചുകേള്‍പ്പിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച പ്രതികളുടെ റിമാന്റ് കാലാവധി നീട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കോടതി തീരുമാനിച്ചത്.

കേസില്‍ അന്വേഷണം നടത്തി 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കാസര്‍കോട്ട് ഏറെ പ്രമാദമായ ഈ കേസില്‍ യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് നിയമവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. 

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് നിന്നുള്ള അഡ്വ.കെ അശോകനെ നിയോഗിച്ചിരുന്നു. അഡ്വ. സി ഷുക്കൂര്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനാന്‍ വധക്കേസില്‍ പോലിസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് കോടതി കഴിഞ്ഞ ദിവസം വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിനാന്‍ വധക്കേസ് അന്വേഷിച്ചത് അന്നത്തെ കുമ്പള സിഐയായിരുന്ന ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ ദാമോദരനായിരുന്നു.
അന്നത്തെ കാസര്‍കോട് എസ്‌ഐക്കും കോടതിയുടെ വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി റിയാസ് മൗലവി വധം വിചാരണ ചെയ്യണമെന്നാണ് ആവശ്യം. കേസില്‍ ഗൂഢാലോചന നടന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

മതത്തിന്റെ പേരില്‍ നിരപരാധിയായ മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎപിഎ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved