Latest News :
Home » , , , » റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയമെന്ന് യു.എന്‍

റോഹിന്‍ഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം അപലപനീയമെന്ന് യു.എന്‍

Written By Muhimmath News on Monday, 11 September 2017 | 19:40



ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് മ്യാന്‍മറില്‍ വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 40,000 ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. ഇവര്‍ക്കെതിരെ മ്യാന്‍മറില്‍ കടുത്ത വംശീയ സംഘര്‍ഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണ്. ഹുസൈന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെ കൂട്ടത്തോടെ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല, ഹുസൈന്‍ ചൂണ്ടിക്കാട്ടി. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നതെന്നും ഹുസൈന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചുവീഴുന്നത്. മറ്റു സ്ഥലങ്ങളിലേക്കു ജീവനും കൊണ്ട് രക്ഷപ്പെടുന്നവരെ പോലും ഇവര്‍ വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഹിന്‍ഗ്യകളെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved