Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » തേജസ്വിനി റേഡിയോ ഉദ്ഘാടനം 23ന് നീലേശ്വരത്ത്; ലോഗോയും തീം മ്യൂസികും പ്രകാശനം ചെയ്തു

തേജസ്വിനി റേഡിയോ ഉദ്ഘാടനം 23ന് നീലേശ്വരത്ത്; ലോഗോയും തീം മ്യൂസികും പ്രകാശനം ചെയ്തു

Written By Muhimmath News on Tuesday, 19 December 2017 | 18:13


കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍, നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തേജസ്വിനി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ഈ മാസം 23ന് രാവിലെ 11ന് നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ തേജസ്വിനി ഇന്റര്‍നെറ്റ് റേഡിയോ സംവിധാനത്തിന്റെ ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. എം. രാജഗോപാലന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, .കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ പദ്ധതി വിശദീകരിക്കും. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി ജയരാജന്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ആര്‍.ഡി.ഒ സി.ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍.ഇ.വി, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ രാജന്‍ കെ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. എ.ഡി.എം എന്‍. ദേവീദാസ് സ്വാഗതവും നീലേശ്വരം റോട്ടറി ക്ലബ്ബ് സെക്രട്ടറി കെ ജെ കമലാക്ഷന്‍ നന്ദിയും പറയും.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ തേജസ്വിനി റേഡിയോ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് നല്‍കി പ്രകാശനം ചെയ്തു. തീം മ്യൂസിക്കിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി നിര്‍വ്വഹിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. എഡിഎം എന്‍ ദേവിദാസ്, ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ എസ് പരീത്, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, ഐടി കോര്‍ഡിനേറ്റര്‍ ടി.കെ വിനോദ് എന്നിവര്‍ സംസാരിച്ചു.


തേജസ്വിനി ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ തീം മ്യൂസിക് കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഹരിപ്രസാദാണ് തീം മ്യൂസിക് തയ്യാറാക്കിയത്. റവന്യു ജില്ലാ കലോത്സവത്തിന്റെ ലോഗോ ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി ലോഗോ തയ്യാറാക്കിയിട്ടുള്ള പരവനടുക്കം സ്വദേശി നാഫിദ് ആണ് തേജസ്വിനി റേഡിയോ ലോഗോ രൂപകല്‍പ്പന ചെയ്തത്.

ഭരണ സംവിധാനങ്ങള്‍ക്കും, പൊതുജനത്തിനുമിടയില്‍ കാര്യക്ഷമവും ഫലപ്രദവുമായ ആശയവിനിമയ മാധ്യമം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ റേഡിയോ പ്രക്ഷേപണത്തിനു തുടക്കമിടുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സേവന വിതരണ പദ്ധതികളിലും വലിയ പങ്കുവഹിക്കുവാന്‍ ഈ റേഡിയോ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ സംവിധാനം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഈ സേവനം ശ്രോതാവിനു ലഭ്യമാണ്. തുടക്കത്തില്‍ മലയാളത്തിലും പിന്നീട് കന്നഡ ഭാഷയിലും പ്രക്ഷേപണം വ്യാപിപ്പിക്കുവാനാണ് പദ്ധതി. സര്‍ക്കാര്‍ അറിയിപ്പുകള്‍, വിവിധ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ , ജില്ലാ വൃത്താന്തം, ജോലി സംബന്ധവും , ആരോഗ്യപരവുമായ അറിയിപ്പുകള്‍, ടൂറിസം വിശേഷങ്ങള്‍, ഇവയൊക്കെ കോര്‍ത്തിണക്കിയാണ് റേഡിയോ ഒരുങ്ങുന്നത്. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന അക്ഷയകേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്തുകള്‍, ബസ്‌സ്റ്റോപ്പുകള്‍, വായനാശാലകള്‍, കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, സ്‌കൂളുകള്‍ ഇവയെല്ലാം വഴി പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഉദ്ദേശിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved