Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » പോലീസ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച മണല്‍ ലോറിയും ഡ്രൈവറും പിടിയില്‍

പോലീസ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച മണല്‍ ലോറിയും ഡ്രൈവറും പിടിയില്‍

Written By Muhimmath News on Thursday, 21 December 2017 | 12:49

കാസര്‍കോട്: രണ്ടു പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച മരണപ്പാച്ചില്‍ നടത്തിയ മണല്‍ ലോറി പിടിയില്‍. ആദ്യം ബദിയടുക്ക പോലീസിന്റെ വാഹനത്തിലിടിക്കുകയും തുടര്‍ന്ന് തടയാന്‍ ശ്രമിച്ച വിദ്യാനഗര്‍ പോലീസിന്റെ ജീപ്പും ഇടിച്ചുതെറിപ്പിച്ച മണല്‍ ലോറിയെയും ഡ്രൈവറെയുമാണ് പോലീസ് പിടികൂടിയത്. 

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ബദിയടുക്ക പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സുള്ള്യ ഭാഗത്തുനിന്നും മണലുമായി വന്ന ലോറി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബദിയടുക്ക പോലീസിന്റെ വാഹനം ഇടിച്ചുമാറ്റിയ ശേഷം ലോറി നിര്‍ത്താതെ പോയി. ഇതോടെ ഈ വിവരം ബദിയടുക്ക പോലീസ് വിദ്യാനഗര്‍ പോലീസില്‍ വിവരം കൈമാറുകയായിരുന്നു.

വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറും ഒരുപോലീസുകാരനും മണല്‍ലോറിയെ പിടികൂടാനായി ജീപ്പില്‍ പുറപ്പെട്ടു. മധൂര്‍ പട്‌ളയിലെത്തിയതോടെ മണല്‍ലോറി കുതിച്ചുവരുന്നത് കണ്ടു. പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഈ ജീപ്പിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം ലോറി ഓട്ടം തുടര്‍ന്നു. എന്നാല്‍ എസ് ഐയും പോലീസുകാരനും മണല്‍ലോറിയെ പിന്തുടരുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും മണല്‍ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. കര്‍ണാടക സ്വദേശിയാണ് ലോറി ഡ്രൈവര്‍. 

പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വമാണ് മണല്‍ലോറി പോലീസ് വാഹനങ്ങളിലിടിച്ചതെന്നും അനധികൃത മണല്‍കടത്തിന് പുറമെ നരഹത്യാശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved